മലപ്പുറം: മലപ്പുറം ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ഒരു കുടുംബത്തിലെ മൂന്ന് പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. വാഴക്കാട് പഞ്ചായത്തില്‍ മാതാപിതാക്കളും മകനുമാണ് മരിച്ചത്.
ചെറുവായൂര്‍ കണ്ണത്തൊടി ലിമേശും മാതാപിതാക്കളായ രാമര്‍, ലീല എന്നിവരുമാണ് മരിച്ചത്. ഏപ്രില്‍ 28 നാണ് ചികിത്സയിലായിരിക്കെ ലിമേശ് മരിച്ചത്. തുടര്‍ന്ന് ഏപ്രില്‍ 30ന് അച്ഛനും കോവിഡ് ചികിത്സയിലിരിക്കെ മരിച്ചു. രോഗം സ്ഥിരീകരിച്ച അമ്മ ലീല കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഓട്ടോ ഡ്രൈവറായിരുന്ന ലിമേശിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല.
അതേസമയം, മലപ്പുറം ജില്ലയില്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. 4,405 പേരാണ് ഇന്ന് മാത്രം വൈറസ് ബാധിതരായത്. 35.43 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 44,207 പേരാണ് രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ ഇതുവരെ 706 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.