കണ്ണൂർ: കണ്ണൂർ കിഴുത്തള്ളി ഉമാ മഹേശ്വര ക്ഷേത്രത്തിൽ ക്ഷേത്രം ജീവനക്കാരന് നേരെ ആക്രമണം. ക്ഷേത്രം ഓഫീസിൽ കയറിയാണ് അക്രമി സംഘം ജീവനക്കാരനായ വി ഷിബിനെ കൊടുവാൾ കൊണ്ട് വെട്ടിയത്. തടയാൻ ശ്രമിച്ച ക്ഷേത്രക്കമ്മിറ്റി സെക്രട്ടറി ശ്രീജിത്ത്, വനിതാ ജീവനക്കാരി മിനി എന്നിവരെയും അക്രമി സംഘം ആക്രമിച്ച് പരിക്കേൽപ്പിച്ചു. തിങ്കളാഴ്ച രാവിലെ വിശ്വാസികൾക്ക് മുന്നിൽ വച്ചായിരുന്നു സംഭവം. സംഭവത്തിൽ രണ്ട് ആർഎസ്എസ് പ്രവർത്തകർ അടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
. ക്ഷേത്രത്തിന്റെ ഭരണം സംബന്ധിച്ച് ചില തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഈ വിഷയത്തില്‍ കോടതിയില്‍ കേസും നടക്കുന്നുണ്ട്. ഭരണസമിതിയില്‍ ആര്‍.എസ്.എസുകാരും സി.പി.എമ്മുകാരും ഉണ്ട്. ഇവരില്‍ ആര്‍ക്കാണ് മേധാവിത്വം എന്നതുസംബന്ധിച്ചാണ് തര്‍ക്കം നിലനില്‍ക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് കഴിഞ്ഞദിവസത്തെ ആക്രമണമെന്നാണ് വിവരം. മര്‍ദനമേറ്റ ഷിബിന്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ കൂടിയാണ്.
ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണ് ഷിബിനെ ആക്രമിച്ചതെന്നാണ് സി.പി.എമ്മിന്റെ ആരോപണം. അതേസമയം, ആര്‍.എസ്.എസ്. നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിന്റെ ഭരണം പിടിച്ചടക്കാന്‍ സി.പി.എം. ശ്രമിക്കുകയാണെന്നും ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചതെന്നും ചില ക്ഷേത്രഭാരവാഹികളും ആരോപിച്ചു. സംഭവത്തില്‍ ആറുപേര്‍ക്കെതിരേ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തിട്ടുണ്ട്.