കൊച്ചിയെ കാണുമ്പോള്‍ തന്നെ വെറുപ്പാവുകയാണ് , സംസ്ഥാനത്തിൻ്റെ മാലിന്യ സംസ്കരണത്തിന് രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍
കൊച്ചി: കേരളത്തിലെ മാലിന്യ സംസ്കരണത്തിന് രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍. ശുചിത്വ ഇന്‍ഡക്സില്‍ ഏഴ് വര്‍ഷം കൊണ്ട് കേരളം അഞ്ചാം സ്ഥാനത്ത് നിന്ന് 324-ാം സ്ഥാനത്തേക്ക് താഴ്ന്നു. കേരളത്തിന്‍റെ മാലിന്യ നിര്‍മാജനം ശരിയായ രീതിയിലല്ലെന്നും പിയൂഷ് ഗോയല്‍ കുറ്റപ്പെടുത്തി.
കൊച്ചിയുടെ മുഖം മാറിയിരിക്കുന്നു. 2015ല്‍ താന്‍ കണ്ട കൊച്ചിയല്ല ഇപ്പോഴത്തേത്. നിലവിലെ കൊച്ചിയെ കാണുമ്പോള്‍ തന്നെ വെറുപ്പാവുകയാണ്. മാലിന്യങ്ങള്‍ കെട്ടികിടക്കുന്ന അവസ്ഥയാണ്. കൊച്ചി നഗരത്തിലെ മാലിന്യങ്ങള്‍ യഥാസമയം നീക്കം ചെയ്യാത്തത് ഖേദകരമാണെന്നും പിയൂഷ് ഗോയല്‍ മാധ്യമങ്ങളോട് വ്യക്തമാക്കി
രാവിലെ മറൈൻ ഡ്രൈവിൽ ശുചീകരണത്തിന് എത്തിയപ്പോഴായിരുന്നു കൊച്ചിയിലെ മാലിന്യത്തിന്‍റെ കാഠിന്യം കേന്ദ്രമന്ത്രി തിരിച്ചറിഞ്ഞത്. വീപ്പ നിറഞ്ഞ് കവിഞ്ഞ് റോഡിലും മാലിന്യം വീണ് കിടക്കുന്നു. ദേശീയ ശുചിത്വ സൂചികയിൽ ഏഴ് വർഷം മുന്പ് അഞ്ചാം സ്ഥാനത്തായിരുന്നു കൊച്ചി. നിലവിലെ സ്ഥാനം 324. മാലിന്യ നിർമാർജനം കാര്യക്ഷമല്ലാത്തതാണ് കൊച്ചി പട്ടികയിൽ പിന്തള്ളപ്പെടാൻ കാരണമെന്ന് പിയൂഷ് ഗോയൽ കുറ്റപ്പെടുത്തി.
ബിജെപി നേതാക്കളുടെ നേതൃത്വത്തിലാണ് കൊച്ചി മറൈൻ ഡ്രൈവിലെ ശുചീകരണം സംഘടിപ്പിച്ചത്. ക്വീൻസ് വാക്കേവേയുടെ അറ്റത്ത് നിന്ന് രണ്ട് കിലോമീറ്റർ ദൂരത്തിൽ ശുചീകരണം നടത്തി. കേന്ദ്രമന്ത്രിയുടെ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും പ്രതികരിക്കാനില്ലെന്നും കൊച്ചി മേയർ എം അനിൽ കുമാർ അറിയിച്ചു.
അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഇന്ത്യ ഒരു ലക്ഷം കോടിരൂപയുടെ സമുദ്രോൽപന്ന കയറ്റുമതി ലക്ഷ്യമിടുന്നതായി കഴിഞ്ഞ ദിവസം പീയുഷ് ഗോയൽ കൊച്ചിയിൽ പറഞ്ഞിരുന്നു. കേരളം ഉൾപ്പെടെയുള്ള നാല് സംസ്ഥാനങ്ങളിലെ മൽസ്യത്തൊഴിലാളി നേതാക്കളുമായി കൊച്ചിയിൽ കൂടിക്കാഴ്ച നടത്തിയശേഷമാണ് മന്ത്രിയുടെ പ്രതികരണം.
സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റി ആസ്ഥാനം കൊച്ചിയിൽ നിന്ന് മാറ്റാൻ നീക്കം നടക്കുന്നതായുള്ള ആരോപണങ്ങളെ മന്ത്രി തള്ളിക്കളഞ്ഞു. യു എ ഇ , ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറിന് രൂപം നൽകിയിട്ടുണ്ടെന്നും യുകെയുമായും കാനഡയുമായും കരാറിനായുള്ള ചർച്ച നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിൻ സ്പെഷ്യൽ എക്കണോമിക് സോണിൽ അമൃത് ടവർ എന്ന കെട്ടിടവും മാലിന്യ നിർമ്മാർജ്ജനത്തിന് Zero Liquid Discharge System Plant ഉം മന്ത്രി ഉദ്ഘാടനം ചെയ്തു