തൃശ്ശൂർ: മിസ്ഡ്കോളിലൂടെ പരിചയപ്പെട്ട വീട്ടമ്മയെ കബളിപ്പിച്ച് 65 പവൻ സ്വർണവും 4 ലക്ഷം രൂപയും തട്ടിയെടുത്ത മൂന്നംഗസംഘത്തെ കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി. സലീഷ് എൻ. ശങ്കറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടി. കയ്പമംഗലം തായ്നഗർ സ്വദേശി പുതിയവീട്ടിൽ അബ്ദുൽസലാം (24) ചേറ്റുവ ഏങ്ങണ്ടിയൂർ സ്വദേശി അമ്പലത്ത് വീട്ടിൽ അഷ്റഫ് (53) വാടാനപ്പള്ളി ശാന്തിനഗറിൽ അമ്പലത്ത് വീട്ടിൽ റഫീഖ് (31) എന്നിവരാണ് അറസ്റ്റിലായത്. നടി ഷംന കാസിമിനെ കബളിപ്പിച്ച് പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതികളാണ് മൂവരും.
മൂന്ന് മാസം മുമ്പാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കമെന്ന് പോലീസ് പറയുന്നു. കയ്പമംഗലം കൂരിക്കുഴിയിലുള്ള ഒരു വീട്ടമ്മയെയാണ് സംഘം കബളിപ്പിച്ച് പണവും സ്വർണവും തട്ടിയെടുത്തത്. ഭർത്താവ് വിദേശത്തുള്ള വീട്ടമ്മമാരെ ലക്ഷ്യംവെച്ച് പ്രവർത്തിക്കുന്ന സംഘത്തിലുൾപ്പെട്ടവരാണിവർ. വീട്ടമ്മമാരുടെ നമ്പറിലേക്ക് മനഃപൂർവം മിസ്സ്ഡ് കോൾ നൽകിയ ശേഷം തിരിച്ചു വിളിക്കുന്നവരോട് മാന്യമായ രീതിയിൽ സംസാരിച്ച് അടുപ്പം സ്ഥാപിച്ച് തട്ടിപ്പ് നടത്തുന്നതാണ് പ്രതികളുടെ സ്ഥിരം പരിപാടിയെന്ന് പോലീസ് പറയുന്നു.
ഡോക്ടറോ എൻജിനീയറോ ആണെന്നാണ് ഇവർ സ്വയം പരിചയപ്പെടത്തുക. തുടർന്ന് സംഘത്തിലെ മുതിർന്നയാൾ പിതാവാണെന്നും മറ്റൊരാൾ ബന്ധുവെന്നും പരിചയപ്പെടുത്തി വീട്ടമ്മയെ വിശ്വസിപ്പിക്കും. ബന്ധം മുറുകുന്നതോടെ തിരിച്ചുനൽകാമെന്ന് പറഞ്ഞ് പണവും സ്വർണവും കൈക്കലാക്കിയാണ് തട്ടിപ്പ് ആരംഭിക്കുന്നത്. ഇത്തരത്തിൽ പലതവണയായാണ് കൂരിക്കുഴിയിലെ വീട്ടമ്മയിൽ നിന്നും ഇവർ 65 പവൻ സ്വർണവും പണവും തട്ടിയെടുത്തത്. ആഭരണങ്ങൾ വിവിധ സ്ഥലങ്ങളിലായി പണയംവെച്ച ശേഷം പ്രതികൾ മൂവരും ചേർന്ന് പണം വീതിച്ചെടുക്കുകയായിരുന്നു.
പലസ്ഥലങ്ങളിലും ഇവർ സമാനരീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും നാണക്കേട് ഭയന്ന് പല വീട്ടമ്മമാരും പരാതി നൽകാതിരുന്നത് പ്രതികൾക്ക് ആത്മവിശ്വാസം വർദ്ധിപ്പിച്ചെന്നും പോലീസ് പറഞ്ഞു. പണവും സ്വർണവും തിരികെ ലഭിക്കാതായതോടെ കൂരിക്കുഴിയിലെ വീട്ടമ്മ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. കയ്പമംഗലം എസ്.എച്ച്.ഒ. സുജിത്ത്, എസ്.ഐ.മാരായ പി.സി. സുനിൽ, പി.സി. സന്തോഷ്, എ.എസ്.ഐ. പ്രദീപ് തുടങ്ങിയവരുൾപ്പെട്ട പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.