മൂന്നാറിൽ മുംബൈ സ്വദേശിനിയെ ഭീഷണിപ്പെടുത്തിയ സംഭവം; രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ

കേരള സന്ദർശനത്തിനെത്തിയ മുംബൈ സ്വദേശിനിയെ ഭീഷണിപ്പെടുത്തിയ സംഭവം; രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ

മൂന്നാർ: കേരള സന്ദർശനത്തിനിടെയുണ്ടായ ദുരനുഭവം പങ്കുവെച്ച മുംബൈ സ്വദേശിനിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായതിന് പിന്നാലെ രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ. എഎസ്ഐ സാജു പൗലോസിനും ഗ്രേഡ് എസ്ഐ ജോർജ് കുര്യനുമെതിരെയാണ് നടപടി. യുവതിയുടെ ആരോപണം മുൻനിർത്തി ഭീഷണിപ്പെടുത്തിയ സംഘത്തിൽപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.

മുംബൈയിൽ അസിസ്റ്റന്റ് പ്രൊഫസറായ ജാൻവി എന്ന യുവതിയാണ് മൂന്നാർ സന്ദർശന വേളയിൽ ഓൺലൈൻ ടാക്സിയിൽ യാത്ര ചെയ്തപ്പോൾ പ്രദേശവാസികളായ ടാക്സി ഡ്രൈവർമാരിൽ നിന്നും പൊലീസിൽ നിന്നും നേരിട്ട ദുരനുഭവം പങ്കുവച്ചത്. ഒക്ടോബർ 31 ന് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലാണ് ജാൻവി തനിക്കുണ്ടായ ദുരനുഭവം പറഞ്ഞത്.

ഓൺലൈനായി ബുക്ക് ചെയ്ത ടാക്സിയിൽ കൊച്ചിയും ആലപ്പുഴയും സന്ദർശിച്ച ശേഷമാണ് ജാൻവിയും സുഹൃത്തുക്കളും മൂന്നാറിലെത്തിയത്. മൂന്നാറിൽ ഓൺലൈൻ ടാക്സികൾക്ക് നിരോധനമാണെന്ന് പറഞ്ഞ് പ്രാദേശിക യൂണിയൻ സംഘം ഇവരെ അപ്രതീക്ഷിതമായി ത‍ടയുകയായിരുന്നു. സ്ഥലത്തെ ടാക്സി വാഹനത്തിൽ മാത്രമേ പോകാൻ അനുവദിക്കുകയുള്ളൂവെന്ന് ഇവർ ഭീഷണിപ്പെടുത്തിയതോടെ യുവതി പൊലീസിന്റെ സഹായം തേടി. എന്നാൽ സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരും ഇതേ നിലപാട് സ്വീകരിക്കുകയായിരുന്നു. ഇതോടെ മറ്റൊരു ടാക്സി വാഹനത്തിൽ യാത്ര ചെയ്യേണ്ടി വന്നെന്നും സുരക്ഷിതമല്ലെന്നു കണ്ടു കേരള യാത്ര അവസാനിപ്പിച്ചു മടങ്ങിയെന്നും ജാൻവി പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News