മോസ്‌കോ: റഷ്യയുടെ സ്പുട്നിക് വി വാക്സിന്‍ സ്വീകരിക്കുന്നവര്‍ രണ്ട് മാസത്തേക്ക് മദ്യപിക്കരുതെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. വാക്സിന്റെ രണ്ട് ഡോസുകളില്‍ ആദ്യത്തേത് സ്വീകരിക്കുന്നതിന് രണ്ടാഴ്ച മുന്‍പെങ്കിലും മദ്യ ഉപയോഗം നിര്‍ത്തണം. തുടര്‍ന്ന് 42 ദിവസം ഇത് തുടരണമെന്നും ആരോഗ്യ നീരീക്ഷകയായ അന്ന പോപോവ വ്യക്തമാക്കി.
കൊവിഡിനെതിരായി പ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള ശരീരത്തിന്റെ കഴിവ് മദ്യം കുറയ്ക്കുമെന്നാണ് അന്ന പോപോവ പറയുന്നത്. ആരോഗ്യമുള്ളവരാകാനും ശക്തമായ രോഗപ്രതിരോധ ശേഷി ലഭിക്കാനും ആഗ്രഹിക്കുന്നുവെങ്കില്‍, മദ്യപിക്കരുതെന്നാണ് നിര്‍ദേശം. എന്നാല്‍ വാക്സിന്‍ വികസിപ്പിച്ച അലക്സാണ്ടര്‍ ജിന്റ്സ്ബര്‍ഗിന്റെ നിര്‍ദേശം ഇതിന് വിരുദ്ധമാണ്.
ശരീരം പ്രതിരോധശേഷി കൈവരിക്കുമ്പോള്‍ മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുന്നത് നല്ലതാണെന്നും എന്നാല്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ട് കുത്തിവയ്പ്പുകള്‍ സ്വീകരിക്കുന്നതിന് മൂന്ന് ദിവസം മുമ്പും ശേഷവും മദ്യം ഒഴിവാക്കുന്നത് നിര്‍ണായകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകമെമ്പാടും വാക്സിന്‍ സ്വീകരിക്കുന്ന ഏതൊരാള്‍ക്കും ഈ നിര്‍ദേശം ബാധകമാണെന്നും റഷ്യയ്‌ക്കോ സ്പുട്‌നിക്കിനോ മാത്രമുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു.