നടിയെ ആക്രമിച്ച കേസിലെ അന്വേഷണോദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് ഉൾപ്പെടെ അഞ്ച് പ്രതികളെ ഇന്നു മുതൽ മൂന്നു ദിവസം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. കേസുമായി ബന്ധപ്പെട്ട് ദിലീപിനെ കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ച് ഇന്ന് ചോദ്യം ചെയ്യും. ദിലീപ് ഉള്‍പ്പടെ അഞ്ച് പ്രതികളും ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക് ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി. സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് മറ്റുള്ള പ്രതികള്‍
ചോദ്യം ചെയ്യല്‍ വീഡിയോയില്‍ ചിത്രീകരിക്കും. ദിലീപിന്റെ അടുത്ത സുഹൃത്തും വിഐപിയെന്ന് അറിയപ്പെടുന്ന ശരത് ജി നായരെയും ചോദ്യം ചെയ്യാനും തീരുമാനമുണ്ട്. സാക്ഷിയായാണ് ശരത്തിനെ വിളിച്ചു വരുത്തുക. എന്നാല്‍ ശരത് ജി നായര്‍ക്ക് നോട്ടീസ് നല്‍കാന്‍ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.എഡിജിപി എസ്. ശ്രീജിത്, എം.പി മോഹനചന്ദ്രന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടപടികള്‍ നടക്കുക. ഇതിനായുള്ള ചോദ്യാവലി അന്വേഷണസംഘം തയ്യാറാക്കി. ആദ്യം വിവിധ സംഘങ്ങളായി പ്രതികളെ ഓരോരുത്തരെയും പ്രത്യേകം ചോദ്യം ചെയ്യും. ശേഷം സംഘത്തെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് എതിരായ ആരോപണങ്ങള്‍ ഗുരുതരമാണെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം ഇടക്കാല ഉത്തരവ് പറഞ്ഞത്. നാളെ മുതല്‍ ചൊവ്വാഴ്ച രാവിലെ ഒന്‍പത് മണി മുതല്‍ രാത്രി എട്ട് വരെ പ്രതികളെ ചോദ്യം ചെയ്യാമെന്നാണ് കോടതിയുടെ നിര്‍ദേശം. 27-ാം തീയതി വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇക്കാലയളവില്‍ അന്വേഷണത്തെ സ്വാധീനിക്കുന്ന നിലയില്‍ പ്രതികള്‍ ഇടപെടല്‍ നടത്തിയാല്‍ അറസ്റ്റില്‍ നിന്നുള്ള സംരക്ഷണം റദ്ദാക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
‘ഹരജിക്കാരന്‍ അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണത്തില്‍ ഇടപെടാനുള്ള ഏതൊരു ശ്രമവും ഈ കോടതി വളരെ ഗൗരവമായി കാണും. സീല്‍ ചെയ്ത കവറില്‍ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് മുതിര്‍ന്ന പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്നും കോടതി അറിയിച്ചു.
‘ഈ കേസുകളിലെ ഹര്‍ജിക്കാര്‍ ക്രൈംബ്രാഞ്ച് എറണാകുളത്ത് ക്രൈം നമ്പര്‍ 6/2022ല്‍ നമ്പര്‍ 15ല്‍ പ്രതികളാണ്. ഇപ്പോള്‍ അഡീഷണല്‍ സ്‌പെഷ്യല്‍ സെഷന്‍സ് ജഡ്ജി മുമ്പാകെയുള്ള വിചാരണയാണ്. ഇതുമായി ബന്ധപ്പെട്ട് ലൈംഗിക പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തതുമായി ബന്ധപ്പെട്ട് ഉണ്ടായ വൈരാഗ്യം കാരണം, അന്വേഷണ ഉദ്യോഗസ്ഥനെയും മറ്റ് ഉദ്യോഗസ്ഥരെയും ഇല്ലാതാക്കാന്‍ ഹര്‍ജിക്കാര്‍ ഗൂഢാലോചന നടത്തിയെന്ന് ബാലചന്ദ്രകുമാര്‍ നല്‍കിയ ചില വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ പരാതി. ബാലചന്ദ്രകുമാര്‍ നല്‍കിയ വിവരങ്ങള്‍ വോയ്‌സ് ക്ലിപ്പുകളും വീഡിയോഗ്രാഫുകളും പോലെയുള്ള വസ്തുക്കള്‍ ആരോപണങ്ങള്‍ക്ക് ശക്തി പകരുന്നു. പ്രതികള്‍ക്കെതിരായ ആരോപണങ്ങള്‍ ശരിയാണെന്ന് സൂചിപ്പിക്കുന്നു.’ ഇടക്കാല ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി.
നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി ബിജു കെ പൗലോസ്, ദിലീപിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്പി കെ എസ് സുദര്‍ശന്‍ ഉള്‍പ്പടെയുള്ള അന്വേഷണ ഉദ്യോഗസ്ഥരെയും പള്‍സര്‍ സുനിയെയും അപായപ്പെടുത്താന്‍ ദിലീപ് പദ്ധതിയിട്ടു എന്നതാണ് കേസ്. ബൈജു കെ പൗലോസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.