തോമസ് കെ തോമസ് എൻസിപി (എസ്.പി) സംസ്ഥാന അധ്യക്ഷനാകും

മുംബൈ: കുട്ടനാട് എംഎല്‍എ തോമസ് കെ.തോമസിനെ എന്‍സിപി ശരദ് പവാര്‍ വിഭാഗത്തിന്റെ സംസ്ഥാന അധ്യക്ഷനാകും. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്റെ അധ്യക്ഷതയില്‍ മുംബൈയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മന്ത്രി എ.കെ. ശശീന്ദ്രൻ തോമസ് കെ.തോമസിനായി വാദിച്ചു. സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ച പി.സി.ചാക്കോ ദേശീയ വര്‍ക്കിങ് പ്രസിഡന്റായി തുടരും.

എ.കെ. ശശീന്ദ്രനെ പിന്തുണയ്ക്കുന്നവരില്‍നിന്നുള്ള ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്നാണ്‌ എന്‍.സി.പി. സംസ്ഥാന പ്രസിഡന്റ്സ്ഥാനത്തുനിന്ന് പി.സി. ചാക്കോ രാജിവെച്ചത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു അദ്ദേഹം രാജിവെച്ചത്.

സംസ്ഥാന കൗണ്‍സില്‍ യോഗം വിളിപ്പിച്ച് ചാക്കോയെ പ്രസിഡന്റുസ്ഥാനത്തു നിന്ന് നീക്കാനുള്ള പ്രമേയം കൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു ശശീന്ദ്രന്‍ വിഭാഗം. അതിനായി അവര്‍ ഒപ്പുശേഖരണം നടത്തിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ചാക്കോ അപ്രതീക്ഷിതമായി രാജി സമര്‍പ്പിച്ചത്.

മന്ത്രിസ്ഥാനത്തുനിന്ന് ശശീന്ദ്രനെ മാറ്റി പകരം തോമസ് കെ. തോമസിനെ വെക്കാനുള്ള ചാക്കോയുടെ നീക്കങ്ങളാണ് അദ്ദേഹത്തിനുതന്നെ തിരിച്ചടിയായത്. മന്ത്രിമാറ്റത്തിനെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍ ശക്തമായ നിലപാടെടുത്തതോടെ ചാക്കോയ്ക്ക്‌ പാര്‍ട്ടിയില്‍ പിടിച്ചുനില്‍ക്കാന്‍ പറ്റാതായി. ഒടുവില്‍ നിലനില്‍പ്പിനായി തോമസ് കെ. തോമസും ശശീന്ദ്രന്‍ വിഭാഗത്തിനൊപ്പം ചേര്‍ന്നതോടെ കോണ്‍ഗ്രസില്‍ നിന്നെത്തിയ ചാക്കോ പാര്‍ട്ടിയില്‍ പൂര്‍ണമായി ഒറ്റപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News