ആലപ്പുഴ: രണ്ടു ടേം മാനദണ്ഡത്തിന്റെ പേരില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം ലഭിക്കാതിരുന്ന ധനമന്ത്രി ടി.എം. തോമസ് ഐസക്കിനെ സി.പി.എം. രാജ്യസഭാ സ്ഥാനാര്‍ഥിയാക്കിയേക്കുമെന്ന് സൂചന. കേരളത്തില്‍നിന്ന് ഒഴിവുവന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണെങ്കിലും സ്ഥാനാര്‍ഥികളെക്കുറിച്ച് സി.പി.എമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
നിലവിലെ നിയമസഭയുടെ കാലത്ത് തെരഞ്ഞെടുപ്പു നടന്നാല്‍ രണ്ടു പേരെ ജയിപ്പിക്കാനുള്ള അംഗബലം ഇടതുമുന്നണിക്കുണ്ട്. ഐസക്കിനൊപ്പം ചെറിയാന്‍ ഫിലിപ്പിനെയാണു രണ്ടാമനായി സി.പി.എം. പരിഗണിക്കുന്നതെന്നാണു സൂചന. 21ന് വിരമിക്കുന്ന വയലാര്‍ രവി, കെ.കെ. രാഗേഷ്, പി.വി. അബ്ദുള്‍ വഹാബ് എന്നിവരുടെ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്.
എന്നാല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ തെരഞ്ഞെടുപ്പ് നടപടികള്‍ മരവിപ്പിച്ചിരിക്കുകയാണ്. സി.പി.എം. കേന്ദ്രകമ്മിറ്റി അംഗമെന്ന നിലയില്‍ കൂടിയാണ് തോമസ് ഐസക്കിനെ രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കുന്നതെന്ന് സംസ്ഥാന നേതൃത്വം വ്യാഖ്യാനിക്കുന്നത്. എന്നാല്‍ പാര്‍ട്ടിയിലെ പിണറായി പക്ഷത്തിന് അനഭിമതനായ അദ്ദേഹത്തെ സംസ്ഥാന രാഷ്ട്രീയത്തില്‍നിന്നു മാറ്റിനിര്‍ത്താനുള്ള തന്ത്രമായും മറുപക്ഷം വിലയിരുത്തുന്നു.
കാലാവധി പൂര്‍ത്തിയാക്കുന്ന കെ.കെ. രാഗേഷിന് ഒരവസരം കൂടി നല്‍കില്ലെന്നാണ് അറിയുന്നത്. കെ.എന്‍. ബാലഗോപാല്‍, ടി.എന്‍. സീമ, പി. രാജീവ് തുടങ്ങി സമീപകാല ചരിത്രത്തില്‍ രാജ്യസഭയിലേക്ക് പരിഗണിച്ചവര്‍ക്കെല്ലാം സി.പി.എം ഒരു ടേം മാത്രമാണ് നല്‍കിയത്. ഇപ്പോഴത്തെ ഒഴിവുകളില്‍ മറ്റ് ഘടകകക്ഷികള്‍ അവകാശവാദം ഉന്നയിച്ചിട്ടുമില്ല.
രാജ്യസഭാംഗത്വം രാജിവച്ചാണ് എല്‍.ജെ.ഡി. നേതാവ് എം.വി. ശ്രേയാംസ്‌കുമാറും കേരളാ കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ.മാണിയും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. അതിനാല്‍ ഈ രണ്ട് ഒഴിവുകളിലേക്കുകൂടി വൈകാതെ തെരഞ്ഞെടുപ്പ് വരും. ഇടതുമുന്നണിയില്‍ നിലവിലുള്ള കക്ഷികളില്‍ സി.പി.എം, സി.പി.ഐ, കേരളാ കോണ്‍ഗ്രസ് (എം), എല്‍.ജെ.ഡി. എന്നിവയ്ക്കാണ് രാജ്യസഭാ സീറ്റുകള്‍ ഉണ്ടായിരുന്നത്. സി.പി.ഐയെ പ്രതിനിധീകരിച്ച് ബിനോയ് വിശ്വം രാജ്യസഭാ എം.പിയാണ്.