പിണറായിയുടെ മകളുടെ സ്ഥാപനത്തില്‍ റെയ്ഡ് നടന്നേക്കും; ബോംബ് പൊട്ടുക സി.പി.എമ്മിനുള്ളിലെന്ന് മുല്ലപ്പള്ളി

കണ്ണൂര്‍: പിണറായി വിജയന്‍ പറഞ്ഞ ബോംബ് പൊട്ടുന്നതു സി.പി.എമ്മിനുള്ളില്‍ തന്നെയെന്നു കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പിണറായി വിജയന്‍ ആകെ ഭയപ്പെട്ടിരിക്കുകയാണ്. എന്ത് വിസ്ഫോടനമാണ് സംഭവിക്കുക എന്ന ഭീതിയിലും അങ്കലാപ്പിലുമാണ് അദ്ദേഹം. അതുകൊണ്ടാണ് ബോംബ് പൊട്ടാനുണ്ടെന്ന് അദ്ദേഹം മുന്‍കൂറായി പറഞ്ഞത്.

മുഖ്യമന്ത്രിയെ വര്‍ഷങ്ങളായി അറിയാം. സ്വന്തം നിഴലിനെപ്പോലും പേടിക്കുന്ന ഭീരുവാണ് പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ യോഗങ്ങള്‍ നടത്തുന്നത് പി.ആര്‍ ഏജന്‍സിയാണ്. 120 കോടിയാണ് അതിന് മാത്രമായി ചെലവാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പിണറായി വിജയന്റെ മകളുടെ സ്ഥാപനത്തില്‍ റെയ്ഡ് നടന്നേക്കുമെന്നും മുല്ലപ്പള്ളി സൂചിപ്പിച്ചു. മുഖം രക്ഷിക്കാന്‍ വേണ്ടിയെങ്കിലും ഇ.ഡി പിണറായിയെ ചോദ്യം ചെയ്യണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. അതിന് ഇ.ഡി തയാറായില്ലെങ്കില്‍ നഷ്ടപ്പെടാന്‍ പോവുന്നത് മോദിയുടെയും അമിത് ഷായുടെയും മുഖമാണ്. ഒരുപക്ഷേ, രാഷ്ട്രീയ നാടകമായിരിക്കാം അവിടെ നടക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

പിണറായിക്ക് സര്‍വാധിപതികളുടെ മാനസികാവസ്ഥയാണ്. പി ജയരാജനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് മാറ്റിനിര്‍ത്തിയത് പിണറായിയാണ്. ഇ.പി.ജയരാജനോടു കാണിച്ചതും അനീതിയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷം അദ്ദേഹത്തെ കാത്തുസംരക്ഷിച്ചൊരു മനുഷ്യനാണ് ഇ.പി.ജയരാജന്‍. അദ്ദഹത്തോട് കാണിച്ചത് കടുത്ത വിവേചനമാണ്. അദ്ദേഹത്തിന്റെ മനസ്സിന്റെ ആശങ്കയാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ വാക്കുകളിലൂടെ പ്രതിഫലിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News