കിഫ്ബിയിലെ പരിശോധന ആദായ നികുതി വകുപ്പിന്റെ തെമ്മാടിത്തരമെന്ന് തോമസ് ഐസക്

തിരുവനന്തപുരം: ആദായനികുതി വകുപ്പ് കിഫ്ബിയില്‍ നടത്തുന്ന പരിശോധന തെമ്മാടിത്തരമാണെന്ന് ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്. കിഫ്ബിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

നാടകം കളി അവസാനിപ്പിക്കണം. ആവശ്യപ്പെട്ട രേകഖകളെല്ലാം കൊടുത്തിട്ടുണ്ട്. ഇനിയും കൊടുക്കാന്‍ തയാറാണെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആദായനികുതി വകുപ്പ് നടപടിയില്‍ അസ്വാഭാവികത ഇല്ലെന്നാണ് കിഫ്ബിയുടെ പ്രതികരണം.

ഉച്ചയോട് കൂടിയാണ് കിഫ്ബി ആസ്ഥാനത്ത് ആദായ നികുതി വകുപ്പ് പരിശോധന ആരംഭിച്ചത്. ആദായ നികുതി വകുപ്പിന്റെ പരിശോധനയില്‍ അസ്വാഭാവികതയില്ലെന്ന് കിഫ്ബി അധികൃതര്‍ പറഞ്ഞു. ആദായ നികുതി വകുപ്പ് തൃപ്തരാണെന്നും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ചന്ദ്രബാബു പറഞ്ഞു. കിഫ്ബി വന്ന ശേഷമുള്ള പണമിടപാടുകളും രേഖകളുമാണ് പരിശോധിച്ചത്. പ്രത്യേകിച്ചൊന്നും ഇല്ലെന്നും മറുപടി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പദ്ധതികളുടെ നടത്തിപ്പിനെ കുറിച്ചാണ് ആദായ നികുതി വകുപ്പ് അന്വേഷിക്കുന്നത്. പദ്ധതികളുടെ വിശദാംശങ്ങള്‍ ഈ മാസം 25 മുന്‍പ് നല്‍കണമെന്ന് നേരത്തെ തന്നെ ആദായ നികുതി വകുപ്പ് അധികൃതര്‍ കിഫ്ബിക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News