തിരുവനന്തപുരം: വരുമാനം നാലിലൊന്നായി കുറഞ്ഞെന്നും സംസ്ഥാനം അതി ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ധനമന്ത്രി തോമസ് ഐസക്. ലോക്ക് ഡൗണ്‍ കാലത്ത് കേരളത്തിന്റെ പ്രതിദിന വരുമാന നഷ്ടം 300 കോടിയോളം രൂപയാണ്. ലോക്ക് ഡൗണ്‍ നീണ്ടാല്‍ സംസ്ഥാനം കടുത്ത പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തുമെന്നും അദ്ദേഹം പറഞ്ഞു.
<p>സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം, പെന്ഷന്, സാമൂഹ്യക്ഷേമ പെന്ഷന് തുടങ്ങിയവക്ക് മാത്രം കേരളത്തിന് പ്രതിമാസം വേണ്ടത് 7050 കോടി രൂപയാണ്. വികസന പ്രവര്‍ത്തനങ്ങള്‍ കൂടി കണക്കിലെടുമ്പോള്‍ പ്രതിമാസ ചെലവ് ഏകദേശം 12,000 കോടി രൂപ വരും.</p>
<p>എന്നാല്‍ വരുമാനമാര്‍ഗങ്ങളെല്ലാം നിലച്ചു. ജിഎസ്ടി പ്രകാരം കിട്ടേണ്ട പണം രണ്ട് മാസമായി കേന്ദ്രം നല്‍കുന്നില്ല. റവന്യൂ കമ്മി നികത്താന്‍ ധനകാര്യ കമ്മിഷന് ശിപാര്‍ശ ചെയ്ത 15,323 കോടിയില്‍ കേന്ദ്രം നല്‍കിയത് 1277 കോടി മാത്രമാണ്. എക്സൈസ് നികുതി വരുമാനം ഇല്ലാതായി. ടൂറിസം മേഖല തകര്‍ന്നു. നികുതിയേതര വരുമാനത്തില്‍ പ്രധാനമായിരുന്ന ഭാഗ്യക്കുറിക്കും നിര്‍ഭാഗ്യമായി. സംസ്ഥാനത്തിന്റെ വരുമാനം നാലിലൊന്നായി കുറഞ്ഞെന്നും തോമസ് ഐസക് പറഞ്ഞു.</p>
<p>പ്രതിസന്ധി മറികടക്കാന്‍ വായ്പയെടുക്കലാണ് സംസ്ഥാന സര്‍ക്കാരിനുള്ള മുന്നിലുള്ള വഴി. മഹാമാരിക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ബോണ്ടിറക്കാന്‍ കേന്ദ്രത്തിന്റെ അനുമതി വേണം. വായ്പാ പരിധി 3 ല്‍ നിന്ന് 5 ശതമാനമായി ഉയര്‍ത്തണമെന്ന ആവശ്യവും കേന്ദ്രം അംഗീകരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.</p>