പത്തനംതിട്ട: നാലാം അങ്കത്തിലെങ്കിലും മണ്ഡലം പിടിക്കാൻ കൂടുതൽ കരുത്തരെ ഇറക്കാൻ സിപിഎം. 2009ൽ രൂപീകൃതമായ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ കഴിഞ്ഞ മൂന്ന് തവണയും നടന്ന തെരഞ്ഞെടുപ്പിൽ വിജയം കോൺഗ്രസിനൊപ്പമായിരുന്നു. കോട്ടയത്ത് നിന്നുള്ള ആന്റോ ആന്റണിയാണ് പത്തനംതിട്ട മണ്ഡലത്തിൽ ഇക്കാലമത്രയും വിജയിക്കുന്നത്. 2019ലെ മത്സരത്തിൽ സിറ്റിങ് എംഎൽഎയെ തന്നെ സിപിഎം കളത്തിലിറക്കിയെങ്കിലും ഭൂരിപക്ഷം കുറയ്ക്കാനല്ലാതെ വിജയിക്കാൻ കഴിഞ്ഞില്ല.
ആന്റോ ആൻ്റണിയുടെ ഭൂരിപക്ഷം കുറയാൻ കാരണം സിപിഎമ്മിന്റെ കഴിവല്ലെന്നും പാർട്ടിക്കുള്ളിലെ പടയും ബിജെപി സ്ഥാനാർഥിയായി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ മത്സരിക്കാൻ എത്തിയതും മൂലമാണെന്ന് പറയുന്നുണ്ട്. യുഡിഎഫ് വോട്ടുകൾ കാര്യമായി തന്നെ സുരേന്ദ്രൻ പിടിച്ചു. ഇതുമൂലം ഇപ്പോൾ മന്ത്രിയും അന്ന് ആറന്മുള എംഎൽഎയുമായിരുന്ന വീണാ ജോർജിന് കടുത്ത മത്സരം കാഴ്ചവെക്കാൻ കഴിഞ്ഞില്ല.
പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളും ഇടതുമുന്നണിക്കൊപ്പമാണ്. എന്നാൽ ലോക്സഭ വരുമ്പോൾ ഇത് കോൺഗ്രസിന് അനുകൂലമാകുകയും ചെയ്യും. ഇക്കുറി ഈ പേര് ദോഷം ഒഴിവാക്കാനുള്ള കരുനീക്കങ്ങളാണ് ഇടതുമുന്നണി, പ്രത്യേകിച്ച് സിപിഎം നടത്തുന്നത്. ഇതിന്റെ ഭാഗമായി മുതിർന്ന നേതാക്കൾതന്നെ മത്സരത്തിനായി വരും.
മുൻ ധനകാര്യ വകുപ്പ് മന്ത്രിയും സിപിഎം കേന്ദ്ര കമ്മറ്റി അംഗവുമായ തോമസ് ഐസക്ക്, ദീർഘകാലം റാന്നി എംഎൽഎയും പാർട്ടി സംസ്ഥാന കമ്മറ്റി അംഗവുമായ രാജു എബ്രഹാം എന്നിവരെയാണ് പരിഗണിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽനിന്ന് മാറിയത് മുതൽ രാജു എബ്രഹാം ജില്ലയിൽ ഉടനീളം സജീവമാണ്. സർക്കാർ പരിപാടികളിൽ മിക്കയിടത്തും രാജുവിന്റെ സാന്നിധ്യമുണ്ട്. ഇത് ലോക്സഭയ്ക്കുള്ള മുന്നൊരുക്കമായാണ് വിലയിരുത്തപ്പെടുന്നത്.
തോമസ് ഐസക്ക് ആകട്ടെ, ജില്ലയിലെ ത്രിതല പഞ്ചായത്ത് സെമിനാറുകളിലും യോഗങ്ങളിലും സ്ഥിരമായുണ്ട്. പാർട്ടി യോഗങ്ങളിലും പങ്കെടുക്കുന്നുണ്ട്. ഇടതുമുന്നണി ഭരണം നടത്തുന്ന പഞ്ചായത്തുകളിൽ നടക്കുന്ന ജനകീയാസൂത്രണ പരിപാടികളിലും മറ്റും ഏറെ നേരമാണ് തോമസ് ഐസക്ക് ചെലവഴിക്കുന്നത്. മണ്ഡലത്തിൽ വീണ്ടും ആന്റോ ആന്റണി തന്നെ കോൺഗ്രസ് സ്ഥാനാർഥി ആകുമെന്ന് ഏതാണ്ട് ഉറപ്പായതോടെ എങ്ങനെയും ഇത് പിടിച്ചെടുക്കാനാണ് സിപിഎം പദ്ധതി. ഇതിനായി മുതിർന്നവരെ തന്നെ ഇറക്കി പരീക്ഷണം നടത്തുമെന്ന് ഉറപ്പാണ്.