കോട്ടയം: കോട്ടയം നഗരത്തിലെ ഇരട്ടക്കൊലപാതകത്തിലെ പ്രതിയെ ഉടൻ പിടികൂടാൻ സാധിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ്.വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.കൂടുതൽ വിവരങ്ങൾ പുറത്തു പറയാൻ പറ്റില്ലന്നും ശാസ്ത്രീയ പരിശോധനകൾ നടന്നു വരുകയാണന്നും അദ്ദേഹം പറഞ്ഞു.
പ്രതി പ്രധാന വാതിൽ തുറന്നാണ് അകത്തു കയറിയത് എന്നാണ് സംശയിക്കുന്നത്. സ്ക്രൂഡ്രൈവർ ഉപയോഗിച്ച് ജനാല തുറന്ന ശേഷമാണ് വാതിൽ തുറന്നത്. തുടർന്ന് കോടാലി ഉപയോഗിച്ച് കൊലപാതകം നടത്തി.പോലീസ് ജോലിക്കാരിയിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.
വീട്ടിലെ സി സി ടിവി, ഡി വി ആർ എന്നിവ കാണാനില്ലന്നും കൊലപാതകത്തിൽ പ്രൊഫഷണൽ സമീപനം കാണുന്നില്ലന്നും പോലീസ് മേധാവി പറഞ്ഞു.നിലവിൽ കസ്റ്റഡിയിൽ ആരുമില്ലന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.വിജയകുമാറിന്റെയും മീരയുടെയും മകൻ ഗൗതമിന്റെ മരണവുമായി ഈ കൊലപാതകത്തിന് ബന്ധം ഉള്ളതായി സ്ഥിരീകരണം ഇല്ലെന്നും പൊലീസ് അറിയിച്ചു.
ഇന്ന് രാവിലെയോടെയാണ് കോട്ടയത്ത് തിരുവാതുക്കലിൽ വ്യവസായിയായ വിജയകുമാറിനെയും ഭാര്യ മീരയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിലെ മുറിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വീട്ടിലെ ജോലിക്കാരി രാവിലെ എത്തിയപ്പോഴാണ് രണ്ടു പേരെയും മരിച്ച നിലയിൽ കണ്ടത്. തുടര്‍ന്ന് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ദേഹത്ത് മുറിവേറ്റ പാടുകളടക്കമുള്ളതിനാൽ തന്നെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് നിഗമനം. രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍. കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്. കോട്ടയത്തെ ഇന്ദ്രപ്രസ്ഥ എന്ന ഓഡിറ്റോറിയവും മറ്റു ബിസിനസ് സ്ഥാപനങ്ങളുടെയും ഉടമയാണ് മരിച്ച വിജയകുമാര്‍.

