കോണ്‍ഗ്രസിന് ഒരു ശബ്ദവും നാവുമുണ്ടാകണം, സുധാകരന്‍ അനുയോജ്യനെന്ന് തിരുവഞ്ചൂര്‍

കോട്ടയം: കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കാന്‍ കെ. സുധാകരന്‍ അനുയോജ്യനെന്ന് പരോക്ഷമായി സൂചിപ്പിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സുധാകരന്‍ മികച്ച നേതാവാണ്. വേണ്ടരീതിയില്‍ ഉപയോഗപ്പെടുത്തണമെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തിരുവഞ്ചൂര്‍ പറഞ്ഞു.

കോണ്‍ഗ്രസിന് ഒരു ശബ്ദവും നാവുമുണ്ടാകണം. നിലവില്‍ സുധാകരനു മാത്രമെ കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ സാധിക്കുകയുള്ളുവെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി. കേരളത്തിലെ യുഡിഎഫിന്റെ ദയനീയ തോല്‍വിക്കു പിന്നാലെയാണ് തിരുവഞ്ചൂറിന്റെ തുറന്നു പറച്ചില്‍ ഉണ്ടായിരിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയും രംഗത്തെത്തി. തുടര്‍ഭരണത്തിനുള്ള ജനവിധി അപ്രതീക്ഷിതമാണെന്നും എന്നാല്‍ ജനവിധിയെ ബഹുമാനപൂര്‍വം അംഗീകരിക്കുന്നുവെന്നും ആന്റണി പറഞ്ഞു.

ഒരു ജനവിധിയും സ്ഥിരമല്ല. 1967ല്‍ കോണ്‍ഗ്രസ് അംഗസംഖ്യ ഒമ്പതായി ചുരുങ്ങിയിരുന്നു. പിന്നീട് പാര്‍ട്ടി ശക്തമായ തിരിച്ചുവരവാണ് നടത്തിയതെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News