തിരുവനന്തപുരം: രോഗ ലക്ഷണങ്ങളോടെ തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിക്ക് നിപയില്ലെന്ന് സ്ഥിരീകരിച്ചു. തോന്നയ്ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് വിദ്യാര്‍ഥിക്ക് നിപയില്ലെന്ന് കണ്ടെത്തിയത്.
രോഗിയുടെ അവസ്ഥ തൃപ്തികരമാണെന്നും സാധാരണപനിയാണെന്ന അനുമാനത്തിലാണെന്നും അധികൃതര്‍ അറിയിച്ചു. തോന്നയ്ക്കലില്‍ നടത്തിയ ആദ്യ നിപ പരിശോധനയായിരുന്നു ഇത്.
കടുത്ത പനിയെത്തുടര്‍ന്നാണ് തിരുവനന്തപുരം ഡെന്റല്‍ കോളേജ് വിദ്യാര്‍ഥിയെ 12-ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. വവ്വാല്‍ കടിച്ച പഴങ്ങള്‍ കഴിച്ചതായി സംശയിക്കുന്നുവെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് ഇയാളെ ഐസൊലേഷനിലാക്കുകയായിരുന്നു.
നിലവില്‍ സംസ്ഥാനത്ത് മൂന്ന് പേരാണ് നിപ ബാധിച്ച് ചികിത്സയിലുള്ളത്. മൂന്ന് പേരും കോഴിക്കോടാണ്. ബുധനാഴ്ച സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകനാണ് അവസാനമായി രോഗം സ്ഥീരികരിച്ചത്. അദ്ദേഹത്തിന് നിപബാധിച്ച് മരിച്ച മുഹമ്മദലിയുമായി സമ്പര്‍ക്കമുണ്ടായിരുന്നു. ഇതോടെ മരിച്ച രണ്ടു പേരിലടക്കം കോഴിക്കോട്ട് നിപ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി.