തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്ക് കൈക്കൂലി; ഓര്‍ത്തോ വിഭാഗം ഡോക്ടര്‍ കുടുങ്ങി, വിജിലന്‍സ് പരിശോധനയില്‍ പിടിച്ചെടുത്തത് ആയിരങ്ങള്‍

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ഒപിയില്‍ ചികിത്സയ്ക്കായി രോഗികളില്‍ നിന്നും കൈക്കൂലി വാങ്ങിക്കുന്നുണ്ടെന്ന പരാതിയെ തുടര്‍ന്ന് വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. പരിശോധനയ്ക്കിടെ ഓര്‍ത്തോ വിഭാഗം ഡോക്ടറായ രാമനുജന്റെ പക്കല്‍ നിന്ന് 2800 രൂപ വിജിലന്‍സ് പിടിച്ചെടുത്തു.

ഈ പണം രോഗികളില്‍ നിന്ന് വാങ്ങിയതാണെന്ന് വിജിലന്‍സ് സ്ഥിരീകരിച്ചിട്ടുണ്ട്. ബുധനാഴ്ച ഉച്ചയോടെ മെഡിക്കല്‍ കോളേജ് ഓര്‍ത്തോ വിഭാഗം ഒപിയിലായിരുന്നു വിജിലന്‍സ് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയത്. ഡോക്ടര്‍ക്ക് രോഗികള്‍ പണം നല്‍കുന്നതിന്റെ തെളിവുകള്‍ പരിശോധന സംഘം കണ്ടെത്തി.

മുമ്പും ഈ ഡോക്ടറെ കുറിച്ച് പരാതികളുണ്ടായിരുന്നതായും മൂന്ന് മാസത്തിലേറെയായി നിരീക്ഷണത്തിലായിരുന്നുവന്നും വിജിലന്‍സ് സംഘം പറഞ്ഞു. ഡിവൈഎസ്പിമാരായ വി അജയകുമാര്‍, ജയരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഡോക്ടര്‍ക്കെതിരെ വിജിലന്‍സ് സംഘം ആരോഗ്യ വിഭാഗത്തിന് റിപ്പോര്‍ട്ട് നല്‍കും. ഇതിന്റെ അടിസ്ഥാനത്തിലാണ് വകുപ്പ് തന്നെ തുടര്‍നടപടിയെടുക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News