തിരുവനന്തപുരം വിദ്വേഷ പ്രസംഗം; പി സി ജോര്‍ജിന്‍റെ ജാമ്യം റദ്ദാക്കി
തിരുവനന്തപുരം: തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസിൽ പി സി ജോർജിന്‍റെ (P C George) ജാമ്യം റദ്ദാക്കി. ഫോർട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നൽകിയിരുന്ന ജാമ്യമാണ് റദ്ദാക്കിയത്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. ജാമ്യവ്യവസ്ഥകള്‍ പി സി ജോര്‍ജ് ലംഘിച്ചെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാ സമ്മേളനത്തിലെ പ്രസംഗത്തിനെതിരെയാണ് പൊലീസ് കേസെടുത്തത്. ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്ത ജോർജ്ജിന് ജാമ്യം ലഭിച്ചിരുന്നു.
അതേസമയം വെണ്ണലിയിലെ വിദ്വേഷ പ്രസംഗക്കേസിൽ പി സി ജോർജ് കൊച്ചി സിറ്റി പൊലീസിന് മുന്നിൽ ഹാജരാകും. കൊച്ചി പാലാരിവട്ടം പൊലീസാണ് വെണ്ണല ശിവക്ഷേത്രത്തിലെ വിദ്വേഷ പ്രസംഗക്കേസിൽ പി സി ജോർജിനെതിരെ കേസെടുത്തിരുന്നത്. തൊട്ടുപിന്നാലെ ജോർജ് ഒളിവിൽപ്പോയി. ഹൈക്കോടതി നൽകിയ ഇടക്കാല ജാമ്യത്തിന്‍റെ ബലത്തിലാണ് പി സി ജോർജ് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ഹാജരാകുന്നത്. കേസിൽ അറസ്റ്റ് ചെയ്താൽ ജാമ്യം നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു.
പി സി ജോർജിന്‍റെ മൊഴിയെടുത്തശേഷം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടാനാണ് പൊലീസ് നീക്കം. ഇതിനിടെ പിസി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി അഭിഭാഷകന് പ്രതിഫലം നൽകിയത് വെണ്ണല ശിവക്ഷേത്രം അധികൃതരാണെന്ന് വ്യക്തമായി. ഈ ക്ഷേത്ര അധികൃതർ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് പി സി ജോർജ് വിവാദ പരാർമശങ്ങൾ നടത്തിയത്. കേസ് പരിഗണിച്ച ദിവസം പ്രതിഫലം ബാങ്കിലൂടെ അഭിഭാഷകന് കൈമാറിയതിന്റെ രേഖയാണ് പുറത്തുവന്നത്. ഇക്കാര്യം ക്ഷേത്ര ഭരണസമിതിയംഗങ്ങളും സ്ഥിരീകരിച്ചു.