തിരുവനന്തപുരം: കോവളത്ത് കഴിഞ്ഞ ദിവസം ബൈക്കപകടത്തിൽ കാൽനടയാത്രക്കാരിയും യുവാവും മരിച്ച സംഭവം ബൈക്ക് റേസിംഗ് അല്ലെന്ന് മോട്ടോർ വാഹനവകുപ്പ്. അപകടം നടന്ന സ്ഥലത്ത് ബൈക്ക് റേസിംഗ് നടന്നു എന്നതിന് തെളിവില്ലെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പ്രാഥമിക പരിശോധനയ്ക്ക് ശേഷം വ്യക്തമാക്കി. എന്നാൽ അമിത വേഗതയിലായിരുന്നു ബൈക്ക് വന്നിരുന്നതെന്നും ഇതിനിടെ വീട്ടമ്മ അശ്രദ്ധമായി റോഡ് മുറിച്ച് കടന്നതും അപകടത്തിന് കാരണമായെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഇന്നലെ രാവിലെ എട്ട് മണിയോടെ കോവളം ബൈപ്പാസിൽ തിരുവല്ലത്തിന് അടുത്തു വച്ചായിരുന്നു അപകടം. വീട്ടുജോലി ചെയ്തു ജീവിക്കുന്ന സന്ധ്യ ബൈപ്പാസ് റോഡ് മുറിച്ചു കടക്കുമ്പോഴാണ് അമിത വേഗതയിൽ ബൈക്കിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ സന്ധ്യ തെറിച്ചു പോയി അടുത്തുള്ള മരത്തിൽകുടുങ്ങി കിടന്നു. ഇവരുടെ കാൽ അറ്റു പോയ നിലയിലായിരുന്നു. സംഭവസ്ഥലത്ത് വച്ചു തന്നെ അവർക്ക് മരണം സംഭവിച്ചു. ഇടിച്ച ശേഷം ബൈക്കിൽ നിന്നും തെറിച്ചു പോയ ബൈക്ക് യാത്രികൻ പൊട്ടുക്കുഴി സ്വദേശി അരവിന്ദിനെ റോഡരികിലെ ഓടയിൽ നിന്നാണ് നാട്ടുകാർ കണ്ടെത്തിയത്. ബൈക്ക് ഏതാണ്ട് ഇരുന്നൂറോളം മീറ്ററോളം തെറിച്ചു പോയി വീണു. കഴുത്തിലെ എല്ലൊടിഞ്ഞ നിലയിൽ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അരവിന്ദ് വൈകുന്നേരത്തോടെ മരണപ്പെടുകയായിരുന്നു.