തിരുവല്ല: റെയിൽവേ സ്റ്റേഷന് സമീപം നാഗർകോവിൽ കോട്ടയം പാസഞ്ചറിൽ നിന്ന് യാത്രക്കാരി വീണുമരിച്ച സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു.
വർക്കല വെട്ടൂർ GHS ലെ അധ്യാപികയായിരുന്ന ജിൻസി ജെയിംസാണ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടത്.
അപകടമരണമെന്ന് ആദ്യം കരുതിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് യാത്രക്കാരുടെ സംഘടന ആയ ഫ്രണ്ട്‌സ് ഓൺ റെയിൽസ് മുന്നോട്ടുവരികയായിരുന്നു. കോട്ടയം മേലുകാവ് മറ്റം സ്വദേശിനിയായ ടീച്ചർ ജോലി കഴിഞ്ഞു മടങ്ങുമ്പോളായിരുന്നു സംഭവം നടന്നത്. തിരുവല്ല സ്റ്റേഷനിൽ ഇറങ്ങിയ സഹയാത്രികരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ശക്തമായ അന്വേഷണം വേണമെന്ന ആവശ്യവുമായി യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് സെക്രട്ടറി ലിയോൺസ് ജെ രംഗത്ത് വരികയായിരുന്നു.
ട്രെയിൻ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട ഉടനെ മുഷിഞ്ഞ വസ്ത്രധാരിയായ ഒരാൾ ലേഡീസ് കമ്പാർട്ട് മെന്റിൽ കയറിയതായി തിരുവല്ല സ്റ്റേഷനിൽ ഇറങ്ങിയ സഹയാത്രികർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.. ഒരു വർഷത്തിന് മുമ്പ് ഗുരുവായൂർ- പുനലൂർ എക്സ്പ്രസ്സിൽ മുളന്തുരുത്തി സ്റ്റേഷൻ ഔട്ടറിൽ സമാനമായ സംഭവം നടന്നിരുന്നു.
അന്ന് പ്രതിയെ ദിവസങ്ങൾക്കുള്ളിൽ പോലീസ് കണ്ടെത്തിയത് ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഈ വിഷയത്തിൽ തിരുവല്ല സ്റ്റേഷൻ പരിസരത്തെ CCTV ക്യാമറകളിലെ ദൃശ്യങ്ങൾ പൂർണ്ണമല്ലെന്നും ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അപകടമായി വിലയിരുത്താൻ കഴിയില്ലെന്നും കൂടുതൽ അന്വേഷണം വേണമെന്നും സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയായിട്ടുണ്ട്.
തിരുവല്ല സ്റ്റേഷൻ വരെ അമ്മയോട് ഫോണിൽ സംസാരിച്ചു കൊണ്ടിരുന്ന ടീച്ചർ ഒരു കാരണവശാലും ആത്മഹത്യ ചെയ്യില്ലെന്ന് ഒപ്പമുണ്ടായിരുന്നവർ പറയുന്നു. ട്രെയിൻ യാത്ര ശീലമുള്ള ഒരാളും നീങ്ങിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് ചാടി ഇറങ്ങാൻ ശ്രമിക്കില്ല. ടീച്ചർക്ക് തിരുവല്ലയിൽ ഇറങ്ങേണ്ട ഒരു സാഹചര്യവുമില്ലാത്തതിനാൽ ഇത് വെറുമൊരു അപകടമായി മാത്രം കാണാൻ കഴിയില്ല.
ആ സമയത്ത് കമ്പാർട്ട്മെന്റിൽ മറ്റു യാത്രക്കാർ ഉണ്ടായിരുന്നില്ലെന്ന് വെളിപ്പടുത്തിക്കൊണ്ട് സഹയാത്രികരായ രണ്ടുപേർ മുന്നോട്ടു വന്നിട്ടുണ്ട്. ആത്മരക്ഷാർത്ഥം ചാടിയതാണെങ്കിൽ പോലും അപകടമായി കാണാൻ കഴിയല്ലെന്നാണ് യാത്രക്കാരുടെ പക്ഷം. നിയമവശത്തിലെ ആശങ്കകൾ ഭയന്നാണ് അപരിചതനെ കണ്ടവിവരം പലരും പൊതുസമൂഹത്തോട് വിളിച്ചു പറയാൻ മടികാണിക്കുന്നത്. കൂടുതൽ വിവരം നൽകാൻ കഴിയുന്നവർ ദയവായി പോലീസുമായി സഹകരിക്കണമെന്നും ഫ്രണ്ട്‌സ് ഓൺ റെയിൽസ് പ്രസിഡന്റ് എം.ഗീത യാത്രക്കാരോട് അഭ്യർത്ഥിച്ചു.
ട്രെയിനുകളിൽ സുരക്ഷ ഉറപ്പാക്കേണ്ടത് പോലീസിന്റെ മാത്രം ദൗത്യമായി കാണരുതെന്നും യാത്രക്കാർ കൂടി സഹകരിക്കണമെന്നും ലിയോൺസ്.ജെ അറിയിച്ചു. പാസഞ്ചർ ട്രെയിനുകളിലെ കോച്ചുകൾ തമ്മിൽ പരസ്പരം ബന്ധിപ്പിച്ചിട്ടില്ലാത്തതിനാൽ ട്രെയിനിൽ ഉണ്ടെങ്കിൽ പോലും പോലീസ് സഹായം ലഭിക്കുക അത്ര എളുപ്പമല്ല. അടിയന്തര സാഹചര്യങ്ങളിൽ യാത്രക്കാർ അപായ ചങ്ങല ഉപയോഗിക്കാൻ മടിക്കേണ്ടതില്ലെന്നും ഫ്രണ്ട്സ് ഓൺ റെയിൽസ് പുറത്തിറക്കിയ യാത്രക്കാർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നു.
രാത്രികാലങ്ങളിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് സുരക്ഷിതമല്ലെന്നും, ഒപ്പം യാത്രചെയ്യുന്നവർ ഇറങ്ങിയാൽ ആളുകൾ ഉള്ള കമ്പാർട്ട് മെന്റിലേയ്ക്ക് മാറി കയറണമെന്നും, അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ചിത്രങ്ങൾ സഹിതം ഗ്രൂപ്പ് വഴി പങ്കിടണമെന്നും യാത്രക്കാർക്ക് നിർദേശം നൽകി. രാത്രി സർവീസ് നടത്തുന്ന നിലമ്പൂർ – കോട്ടയം, പുനലൂർ – ഗുരുവായൂർ, നാഗർകോവിൽ – കോട്ടയം, എറണാകുളം – കൊല്ലം പാസഞ്ചറുകളിൽ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ കൂടുതൽ ജാഗ്രത കാണിക്കണമെന്നും, ട്രെയിനുകളിലെയും സ്റ്റേഷൻ പരിസരത്തെയും സാമൂഹ്യവിരുദ്ധരുടെ സാന്നിധ്യം പോലീസ് സഹകരണത്തോടെ ഉന്മൂലനം ചെയ്യാൻ യാത്രക്കാരും കൂടി സഹകരിക്കണമെന്നും ഫ്രണ്ട്‌സ് ഓൺ റെയിൽസ് ഭാരവാഹികൾ അറിയിച്ചു.