കണക്ക് അധ്യാപിക തല്ലി; പരാതിയുമായി മൂന്നാം ക്ലാസുകാരന്‍ പോലീസ് സ്റ്റേഷനില്‍

തന്നെ തല്ലിയ സ്‌കൂള്‍ അധ്യാപികയ്ക്കെതിരെ കേസെടുക്കണമെന്ന പരാതിയുമായി മൂന്നാം ക്ലാസുകാരന്‍ പോലീസ് സ്റ്റേഷനിലെത്തി. തെലങ്കാനയിലെ ബയ്യാരം സ്വകാര്യ സ്‌കൂളിലെ കണക്ക് അധ്യാപികയ്ക്കെതിരെയാണ് പരാതി. വനിതാ പോലീസ് ഉദ്യോഗസ്ഥയോട് അധ്യാപിക അടിച്ചതിനെ കുറിച്ച് പരാതി പറയുന്ന കുട്ടിയുടെ വിഡിയോ ഇപ്പോള്‍ വൈറലാണ്.

എസ്.ഐ രമാ ദേവിയുടെ മുന്നിലാണ് കുട്ടി പരാതിയുമായി എത്തിയത്. സ്നേഹത്തോടെ കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കുന്ന ഉദ്യോഗസ്ഥയും ഇപ്പോള്‍ സൈബര്‍ ഇടങ്ങളില്‍ താരമാണ്. മൂന്നാം ക്ലാസുകാരനായ അനില്‍ എന്ന വിദ്യാര്‍ഥിയാണ് സ്റ്റേഷനിലേക്ക് നടന്നെത്തി പരാതിപ്പെട്ടത്. ക്ലാസിനിടെ ബഹളം വച്ചതിനും പാഠഭാഗം പഠിക്കാതെ വന്നതിനും അധ്യാപിക വഴക്ക് പറഞ്ഞെന്നും മര്‍ദിച്ചെന്നുമാണ് കുട്ടിയുടെ പരാതി.

ക്ലാസ് കഴിഞ്ഞതോടെ സ്‌കൂളില്‍ നിന്നിറങ്ങി നടന്ന് 200 മീറ്റര്‍ അകലെയുള്ള പൊലീസ് സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു. വനിതാ എസ്.ഐയെ കണ്ട് കാര്യം പറഞ്ഞു. അധ്യാപികയ്ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു. കുട്ടിയുടെ പരാതി വിശദമായി കേട്ട എസ്.ഐ നേരിട്ട് സ്‌കൂളിലെത്തി പരാതിയെ കുറിച്ച് അന്വേഷണം നടത്തി. പിന്നീട് പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിച്ചാണ് എസ്ഐ രമാ ദേവി മടങ്ങിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News