ഹൈദരാബാദ്: കഴിഞ്ഞ ദിവസം ഗോവയിൽ നിന്ന് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനത്തിൽ യാത്രാമധ്യേ ക്യാബിനിൽ പുക ഉയർന്നതിൽ ക്രൂ അംഗങ്ങൾ മോശമായി പെരുമാറിയെന്ന് യാത്രക്കാർ. പുക ഉയരുന്നതുകണ്ടപ്പോൾ ക്രൂ അംഗങ്ങ ദൈവത്തോട് പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടെന്നും വീഡിയോയും ഫോട്ടോയും എടുക്കുന്നത് തടഞ്ഞെന്നും യാത്രക്കാരനായ ശ്രീകാന്ത് എന്നയാൾ പറഞ്ഞു.
യാത്രക്കാർ പരിഭ്രാന്തരായപ്പോൾ കുടുംബങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കൂവെന്നാണ് ക്രൂ അംഗങ്ങൾ പറഞ്ഞത്. യാത്രക്കാരിൽ പലരും പരിഭ്രാന്തരായി നിലവിളിക്കാൻ തുടങ്ങിയെന്നും ഹൈദരാബാദിൽ നിന്നുള്ള ഐടി പ്രൊഫഷണലായ ശ്രീകാന്ത് പറഞ്ഞു.
വാഷ്റൂമിൽ എന്തോ സംഭവിച്ചെന്ന് ക്രൂ അംഗങ്ങൾ അടക്കം പറയുന്നത് കേട്ടു. 20 മിനിറ്റിനുള്ളിൽ വിമാനത്തിനുള്ളിൽ പുക പടർന്നെന്നും സ്വകാര്യ കമ്പനി ജീവനക്കാരനായ അനിൽ പറഞ്ഞു. പുക ഉയര്ന്നതോടെ ലൈറ്റുകൾ തെളിഞ്ഞു. യാത്രക്കാരോട് സംസാരിക്കരുതെന്നും സീറ്റിൽ നിന്ന് മാറരുതെന്നും പറഞ്ഞു.
ലാൻഡ് ചെയ്യുമ്പോൾ എമർജൻസി വാതിലുകൾ തുറന്ന് ചാടാനാണ് ക്രൂ അംഗങ്ങൾ നിർദേശിച്ചത്. സംഭവത്തിന്റെ വീഡിയോകളും ഫോട്ടോകളും ഡിലീറ്റ് ചെയ്യാൻ എയർലൈൻ ജീവനക്കാർ ഞങ്ങളെ നിർബന്ധിച്ചു. ഞാൻ വിസമ്മതിച്ചപ്പോൾ അവർ എന്റെ ഫോൺ തട്ടിയെടുത്തെന്നും ശ്രീകാന്ത് ആരോപിച്ചു.
സ്പൈസ്ജെറ്റിന്റെ ക്യു 400 എന്ന വിമാനത്തിലാണ് കഴിഞ്ഞ ദിവസം പറക്കുന്നതിനിടെ പുക ഉയർന്ന് അടിയന്തിരമായി ഹൈദരാബാദിൽ ഇറക്കിയത്. വിമാനം ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി ഇറക്കിയെന്നും എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നുമാണ് സ്പൈസ് ജെറ്റിന്റെ വിശദീകരണം.
ഇറങ്ങുന്നതിനിടെ ഒരു യാത്രക്കാരന് പരിക്കേറ്റിരുന്നു. ഇയാളെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഡിജിസിഎ അന്വേഷണത്തിന് ഉത്തരവിട്ടു. പുക ഉയരാനുണ്ടായ കാരണത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.