വെളിച്ചെണ്ണയ്ക്ക് തീവില! ഫ്‌ളോര്‍ മില്ലില്‍ നിന്നും മോഷ്ടാക്കള്‍ അപഹരിച്ചത് ഒരു ചാക്ക് കൊപ്ര,കോഴിക്കോട്ട് നടന്നത്‌

മുഖം തുണികൊണ്ട് മറച്ച് ഫ്‌ളോര്‍ മില്ലിലെത്തി; മുറിയുടെ ലോക്ക് കട്ടര്‍ ഉപയോഗിച്ച് പൊളിച്ച് അകത്ത് കയറി; പരിശോധനയ്ക്കിടെ കണ്ടത് സിസിടിവി; ഒടുവിൽ ക്യാമറ മറച്ച് ഒരു ചാക്ക് കൊപ്രയുമായി പ്രതികൾ കടന്നു

കോഴിക്കോട്: കോഴിക്കോട് മേപ്പയ്യൂര്‍ ഇരിങ്ങത്ത് ഫ്‌ളോര്‍ മില്ലില്‍ മോഷണം നടത്തിയ പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. സി.കെ മില്ലിലാണ് ഇന്ന് പുലര്‍ച്ചെ മൂന്നോടെ മോഷണം നടന്നത്. മുഖം തുണികൊണ്ട് മറിച്ച് എത്തിയ രണ്ട് പേര്‍ ചേര്‍ന്ന് ഒരു ചാക്ക് നിറയെ ഉണ്ട കൊപ്രയുമായാണ് കടന്നുകളയുകയായിരുന്നു. കൊപ്ര സൂക്ഷിച്ചിരുന്ന മുറിയുടെ ലോക്ക് കട്ടര്‍ ഉപയോഗിച്ച് പൊളിച്ചാണ് പ്രതികൾ മോഷണം നടത്തിയത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ പോലിസിന് ലഭിച്ചിട്ടുണ്ട്.

ചക്കിട്ടക്കണ്ടി ബാബുവിന്‍റെ ഫ്‌ളോര്‍ മില്ലിലാണ് മോഷണം നടന്നത്. ഇദ്ദേഹം രാവിലെ മില്ലില്‍ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. മൂന്ന് മുറികളുള്ള മില്ലില്‍ കൊപ്ര സൂക്ഷിച്ച മുറിയുടെ ലോക്ക് കട്ടര്‍ ഉപയോഗിച്ച് പൊട്ടിച്ച നിലയിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഒരു ചാക്ക് ഉണ്ട കൊപ്ര മോഷണം പോയതായി കണ്ടെത്തി.

സ്ഥാപനത്തിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് യുവാക്കളുടെ ദൃശ്യം ലഭിച്ചത്. ഇവർ മുഖം തുണികൊണ്ട് മറച്ചാണ് മുറിയില്‍ കയറിയത്. ടോര്‍ച്ച് ഉപയോഗിച്ച് പരിശോധിക്കുന്ന ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞത്. ഏറെ നേരം കഴിഞ്ഞാണ് സിസിടിവി മോഷ്ടാക്കളുടെ കണ്ണില്‍ പതിഞ്ഞത്. തുടര്‍ന്ന് പ്ലാസ്റ്റിക് കവര്‍ ഉപയോഗിച്ച് ക്യാമറ മറച്ച ശേഷം, കൊപ്ര ചാക്കിലാക്കി കൊണ്ടുപോവുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News