തിരുവനന്തപുരം: മോഷ്ടിച്ച സ്വര്‍ണ്ണക്കൊലുസ് കള്ളന്‍ വിഴുങ്ങി, തൊണ്ടിമുതലെടുക്കാന്‍ ആശുപത്രിയില്‍ കാത്തിരുന്ന് പോലീസ്. ദിലീഷ് പോത്തന്റെ ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രത്തിന്റെ കഥയല്ലിത്. തിരുവനന്തപുരം തമ്പാനൂരില്‍ സംഭവിച്ചതാണ്. തൊണ്ടിമുതല്‍ ലഭിക്കാന്‍ രണ്ട് ദിവസമായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കാത്തിരിക്കുകയാണ് പോലീസ്.
സിനിമയെ വെല്ലുന്ന സംഭവങ്ങളാണ് തമ്പാനൂര്‍ പോലീസ് സ്റ്റേഷനില്‍ അരങ്ങേറിയത്. വെള്ളിയാഴ്ച വൈകീട്ടാണു തുടക്കം. തമ്പാനൂര്‍ ബസ്സ്റ്റാന്‍ഡില്‍ ബസ് കാത്തുനിന്ന വീട്ടമ്മയുടെ ചുമലില്‍ കിടന്നുറങ്ങിയിരുന്ന മൂന്നുവയസ്സുകാരിയുടെ നാലര ഗ്രാം സ്വര്‍ണ പാദസരം മോഷ്ടിക്കപ്പെട്ടു. പ്രതിയായ പുന്തുറ പള്ളിത്തെരുവിലെ മുഹമ്മദ് ഷഫീഖ് മോഷ്ടിക്കുന്നതു മാതാപിതാക്കളും ഒപ്പമുള്ളവരും കണ്ടതോടെ ഇയാള്‍ ഓടി.
പിന്നാലെയോടി യാത്രക്കാരും പോലീസും ചേര്‍ന്ന് ഇയാളെ പിടികൂടി. അപ്പോഴേക്കും മോഷ്ടാവ് പാദസരം വിഴുങ്ങിയിരുന്നു. പോലീസ് ചോദ്യം ചെയ്തപ്പോള്‍ മോഷണം സമ്മതിച്ചില്ല. ഒടുവില്‍ വയറിന്റെ എക്‌സ്റേ എടുത്തു പരിശോധിക്കാന്‍ തീരുമാനിച്ചു. എക്‌സ്‌റേയില്‍ തൊണ്ടിമുതല്‍ പ്രതിയുടെ വയറ്റിലുണ്ടെന്നു കണ്ടെത്തി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തശേഷമാണ് മെഡിക്കല്‍ കോളേജിലേക്കു മാറ്റിയത്. പാദസരം പുറത്തുവരാനുള്ള കാത്തിരിപ്പിലാണു പോലീസ്.