ഇടുക്കിയില്‍ മോഷ്ടാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകം, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

നെടുങ്കണ്ടം: ഉടുമ്പന്‍ചോലയ്ക്കു സമീപം ചെമ്മണ്ണാറില്‍ മോഷണശ്രമത്തിനിടെ കടന്നുകളഞ്ഞയാളെ സമീപത്തെ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നു പൊലീസ്. സേനാപതി വട്ടപ്പാറ സ്വദേശി ജോസഫിനെയാണു കഴിഞ്ഞദിവസം മരിച്ചനിലയില്‍ കണ്ടെത്തിയത്.

ജോസഫിന്റെ കഴുത്തിലെ എല്ലുകള്‍ പൊട്ടി ശ്വാസനാളിയില്‍ കയറി ശ്വാസതടസ്സമുണ്ടായതാണു മരണകാരണമെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പ്രതി നിരീക്ഷണത്തിലുണ്ടെന്നും ഇന്ന് അറസ്റ്റുണ്ടാകുമെന്നും ഉടുമ്പന്‍ചോല പൊലീസ് അറിയിച്ചു.

ജോസഫിന്റെ കഴുത്ത് ഞെരിച്ചാണു കൊലപാതകം നടത്തിയതെന്നു പൊലീസ് അറിയിച്ചു. ഉടുമ്പന്‍ചോല എസ്എച്ച്ഒ ഫിലിപ് സാം, നെടുങ്കണ്ടം എസ്എച്ച്ഒ ബി.എസ്.ബിനു എന്നിവരുള്‍പ്പെട്ട അന്വേഷണ സംഘത്തിനു ജില്ലാ പൊലീസ് മേധാവി ആര്‍.കറുപ്പുസ്വാമി രൂപം നല്‍കിയിരുന്നു.

ചൊവ്വാഴ്ച പുലര്‍ച്ചെ നാലിനും അഞ്ചിനുമിടയിലാണു സംഭവം. ചെമ്മണ്ണാറില്‍ ഓട്ടോറിക്ഷ ഡ്രൈവറായ കൊന്നക്കപ്പറമ്പില്‍ രാജേന്ദ്രന്റെ വീട്ടിലെ മോഷണശ്രമത്തിനിടെയാണു സംഭവങ്ങളുടെ തുടക്കം. വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്ത് അകത്തു കയറിയ ജോസഫ്, രാജേന്ദ്രന്‍ ഉറങ്ങിക്കിടന്ന മുറിയില്‍ കയറി അലമാര തുറക്കാന്‍ ശ്രമിച്ചു. ശബ്ദം കേട്ട് രാജേന്ദ്രന്‍ ഉണര്‍ന്നതോടെ ജോസഫ് പുറത്തേക്കോടി.തന്നെ കടിച്ചു പരുക്കേല്‍പിച്ചശേഷം ജോസഫ് കടന്നുകളഞ്ഞെന്നാണ് രാജേന്ദ്രന്‍ പറയുന്നത്. ജോസഫിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News