നടൻ ശ്രീജിത്ത് രവി അറസ്റ്റിൽ
തൃശൂർ∙ കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസില്‍ നടൻ ശ്രീജിത്ത് രവി അറസ്റ്റിൽ. സംഭവത്തിൽ തൃശൂർ വെസ്റ്റ് പൊലീസ് പോക്സോ കേസ് റജിസ്റ്റർ ചെയ്തു. രണ്ടു ദിവസം മുൻപ് തൃശൂരിലെ ഒരു പാർക്കിനു സമീപം വച്ചാണ് പരാതിക്കിടയായ സംഭവമുണ്ടായത്. കുട്ടികള്‍ നൽകിയ പരാതിയിലാണ് അറസ്റ്റ്.
ആളെ പരിചയമുണ്ടെന്ന് കുട്ടികൾ പൊലീസിനോട് പറഞ്ഞിരുന്നു. ഇയാളുടെ കാറിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. ശ്രീജിത്ത് രവിയെ കുട്ടികൾ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. സമാനമായ കേസിൽ മുൻപ് പാലക്കാട്ട് നിന്നും ശ്രീജിത്ത് രവി അറസ്റ്റിലായിട്ടുണ്ട്.
2016 ആഗസ്ത് 27നായിരുന്നു സംഭവം. സ്കൂളിലേക്ക് സംഘമായി പോകുകയായിരുന്ന പെണ്‍കുട്ടികള്‍ക്കടുത്തെത്തി കാറിന്റെ ഡ്രൈവര്‍ സീറ്റിലിരുന്നു നഗ്നത പ്രദര്‍ശിപ്പിക്കുകയും കുട്ടികള്‍ ഉള്‍പ്പെടുന്ന തരത്തില്‍ സെല്‍ഫി എടുത്തുവെന്നായിരുന്നു പരാതി. കുട്ടികള്‍ ബഹളംവച്ചതോടെ ഇയാള്‍ പെട്ടെന്നു കാര്‍ ഓടിച്ചുപോവുകയായിരുന്നു. സംഭവം കുട്ടികള്‍ സ്കൂള്‍ പ്രിന്‍സിപ്പലിനെ അറിയിക്കുകയും അവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഒറ്റപ്പാലം പൊലീസാണ് കേസ് എടുത്തത്.
ശ്രീജിത്ത് രവിയുടെ കേസിന്റെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ സിവില്‍ പോലീസ് ഓഫീസറെ് സസ്പെന്‍ഡ് ചെയ്തിരുന്നു.ഒറ്റപ്പാലം സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രാജശേഖരനെയാണ് ജില്ലാ പോലീസ് മേധാവി സസ്പെന്‍ഡ് ചെയ്തത്. എസ്.ഐ ആദംഖാന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവിട്ടു.
പരാതിയില്‍ പോലീസ് അന്വേഷണം ശരിയായ രീതിയില്‍ നടന്നില്ലെന്ന്കലക്ടര്‍ പി.മേരിക്കുട്ടിയുടെ നിര്‍ദേശപ്രകാരം സബ്കലക്ടര്‍ പി.ബി.നൂഹ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. കാലതാമസം വരുത്തിയെന്നും പരാതിക്കാരോടു മോശമായി പെരുമാറിയെന്നും കേസ് മൂടിവയ്ക്കാന്‍ ശ്രമിച്ചെന്നുമാണു കണ്ടെത്തല്‍. തുടര്‍ന്നാണ് എസ്ഐ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ജില്ലാ പോലീസ് മേധാവി ഡോ.എ.ശ്രീനിവാസിന്റെ നടപടി. ശ്രീജിത്തിന് പാലക്കാട് ജില്ലാ സെഷന്‍സ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.