കൊല്‍ക്കത്ത: വീട്ടുകാരെയും പോലീസിനെയും ഞെട്ടിച്ച് ഒരു കള്ളന്.
ഗര്‍ഭിണിയായ മകളുടെ വീട്ടില്‍ പോയി മടങ്ങിയെത്തിയപ്പോഴാണ് വീട്ടില്‍ കള്ളം കയറിയ വിവരം വിധവയായ ഷെഫാലി സര്‍ദാര്‍ അറിയുന്നത്. അടുക്കള തുറന്നിട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അവര്‍ പരിശോധിച്ചപ്പോള്‍ കള്ളന് ചോറുണ്ടാക്കുകയും ഉരുളക്കിഴങ്ങ് പൊരിക്കുകയും ചെയ്ത ശേഷം ഭക്ഷണം കഴിച്ചതിന്റെ അടയാളം കണ്ടു. സിങ്കില്‍ കഴുകാത്ത പാത്രം അലങ്കോലമായിട്ടിരിക്കുന്നു. പിന്നീട് ബെഡ് റൂം തുറന്നതായി കണ്ടു. ബെഡ്റൂമിലെയും മറ്റൊരു റൂമിലെയും തെളിച്ചം കുറഞ്ഞ ബള്‍ബുകള്‍ മാറ്റി പുതിയത് സ്ഥാപിച്ചാണ് കള്ളന് സ്ഥലം വിട്ടത്. അലമാരയിലെ 48,000 രൂപയും സ്വര്‍ണവും എടുത്താണ് കള്ളന് മുങ്ങിയത്.
കഴിഞ്ഞ വെള്ളിയാഴ്ച കൊല്‍ക്കത്ത നരേന്ദ്രപുരിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കള്ളനായി തിരച്ചില്‍ ആരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മഴകാരണമാണ് ഷെഫാലി സര്‍ദാര്‍ മകളുടെ വീട്ടില്‍ തങ്ങിയത്. മകളുടെ ചികിത്സാവശ്യത്തിനായി സൂക്ഷിച്ച പണമാണ് നഷ്ടപ്പെട്ടതെന്ന് അവര്‍ പോലീസിനോട് പറഞ്ഞു. മകന് ബംഗലൂരുവിലാണ് ജോലി ചെയ്യുന്നത്. മോഷ്ടാവിനെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.