കൊച്ചി:മലയാള സിനിമയ്ക്ക് ഏറെ പ്രിയങ്കരിയായി മാറിയ നടിയാണ് ജോളി ചിറയത്ത്. വേറിട്ട കഥാപാത്രങ്ങളിലൂടെ സിനിമയില്‍ നിറഞ്ഞ് നില്‍ക്കുകയാണ് നടി. അതേ സമയം അമ്മ കഥാപാത്രങ്ങളിലേക്ക് മാത്രം ഒതുങ്ങി പോവുന്നതിനെ കുറിച്ച് തന്റെ നിലാപാട് വ്യക്തമാക്കി കൊണ്ട് എത്തിയിരിക്കുകയാണ് ജോളിയിപ്പോള്‍.
സ്ത്രീകള്‍ക്ക് വേണ്ടിയുള്ള അല്ലെങ്കില്‍ അവരുടെ കഥ പറയാന്‍ ആരുമില്ലെന്നുള്ളതാണ് വസ്തുതയെന്നാണ് ജോളി പറയുന്നത്. പുരുഷന്മാര്‍ മാത്രം കൂടുതലുള്ള ഇന്‍ഡസ്ട്രിയില്‍ സ്ത്രീകളെ കുറിച്ചെഴുതാന്‍ സ്ത്രീകളുടെ തന്നെ അഭാവമാണ് ഇതിന് പിന്നിലെന്നും അതിനൊരു മാറ്റം വണ്ടേതാണെന്നും ജോളി പറഞ്ഞു. വിശദമായി വായിക്കാം..
ഐശ്വര്യ റായി ഇപ്പോഴും മെയിന്‍ ഹീറേയിന്‍ വേഷം ചെയ്യുമ്പോള്‍ അവരുടെ അതേ പ്രായമുള്ള മറ്റ് നടിമാര്‍ അമ്മ വേഷത്തില്‍ ഒതുങ്ങുകയാണ്. ഇതൊക്കെ സമൂഹത്തിന്റെ മനോഭാവത്തിന്റെ പ്രശ്‌നമാണെന്നാണ് നടി ജോളി പറയുന്നത്. അമ്മ വേഷം ചെയ്യുന്നത് മാത്രമല്ല സ്ത്രീകള്‍ക്ക് പല പ്രശ്‌നങ്ങളും ആവശ്യങ്ങളും ഇഷ്ടങ്ങളുമുണ്ട്. അത്തരത്തിലുള്ള കഥാപാത്രങ്ങളൊക്കെ വരണം. പക്ഷേ അത്തരം സ്‌ക്രീപ്റ്റുകളൊക്കെ ആരാണ് ചെയ്യേണ്ടത് എന്നുള്ളതാണ് ചിന്തിക്കേണ്ടത്.
പൊതുവേ ഇന്‍ഡസ്ട്രിയിലുള്ളത് മുഴുവനും ആണുങ്ങളാണ്. അവരുടെ കഥകളാണ് കൂടുതലും, അതല്ലെങ്കില്‍ അവരുടെ കാഴ്ചപ്പാടിലാണ് കഥകള്‍ വരുന്നതും. അവര്‍ മനസിലാക്കി വെച്ചിരിക്കുന്ന സ്ത്രീകളെയാണ് അവര്‍ അവതരിപ്പിക്കുന്നത്. ആ സ്ത്രീ അങ്ങനെ മാത്രമല്ലെന്ന് പറയാനുള്ള ഉത്തരവാദിത്തം നമ്മള്‍ സ്ത്രീകള്‍ക്കാണ്. പക്ഷേ അത് സംഭവിക്കുന്നില്ല, അതിന് കാരണം മൂലധനം ഇറങ്ങിയിട്ടുള്ള കളി കൊണ്ടാണ്.
മൂലധനം എന്ന് പറയുമ്പോള്‍ ഒരു താരശരീരത്തെ അവരവിടെ പ്രതീക്ഷിക്കും. താരത്തെ വച്ചിട്ടാണ് ഒരു ബിസിനസ് ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഒരു പരീക്ഷണത്തിന് നമ്മള്‍ തയ്യാറാവുന്നില്ല. എന്നാല്‍ ബോളിവുഡ് നടി ആലിയ ഭട്ടിനെ വച്ച് ഗംഗുഭായി പോലൊരു സിനിമ ചെയ്തപ്പോള്‍ അത് നൂറ് കോടിയിലേക്ക് കയറി. മലയാളത്തിലേക്ക് നോക്കുകയാണെങ്കില്‍ മഞ്ജു വാര്യരും പാര്‍വതിയുമൊക്കെ അങ്ങനെയുള്ളവരാണ്. ഇങ്ങനെയുള്ള താരങ്ങളെ മാത്രം വച്ചിട്ട് സിനിമകള്‍ ചെയ്യുകയും അത് വിജയിക്കുകയും ചെയ്യുന്നുണ്ട്.
സാധ്യതകളുണ്ടെങ്കിലും മാര്‍ക്കറ്റിങ്ങിന് ആവശ്യമുള്ള താരശരീരം വേണം. രൂപഭംഗിയടക്കം പലതും നോക്കിയാലേ ആ സിനിമ ഓടുകയുള്ളുവെന്നാണ് മാര്‍ക്കറ്റിങ്ങിലുള്ളവര്‍ ചിന്തിക്കുക. അങ്ങനെയുള്ളപ്പോള്‍ ഐശ്വര്യ റായിയെ പോലെയുള്ളവര്‍ക്കാണ് ഇതിനൊക്കെയുള്ള സാധ്യത ലഭിക്കൂ. ഇത് ആരുടെയും കുറ്റമല്ല, പക്ഷേ ഒരു തരത്തില്‍ ഇതൊരു തകരാറ് കൂടിയാണ്. അങ്ങനെയല്ല വേണ്ടതെന്ന് ജോളി പറയുന്നു. സമൂഹത്തിന്റെ സെന്‍സ് നമുക്ക് പിടിക്കാന്‍ പറ്റണം. അതല്ലെങ്കില്‍ താരങ്ങളുള്ള, കാശ് ഇറക്കിയ സിനിമയാണെങ്കില്‍ പോലും പരാജയപ്പെട്ടെന്ന് വരാമെന്നും നടി കൂട്ടിച്ചേര്‍ത്തു.