30.6 C
Kottayam
Tuesday, April 30, 2024

അവരൊക്കെ സാഡിസ്റ്റുകളാണ്; അത്തരക്കാരെ തിയേറ്ററിൽ കയറ്റരുതെന്ന് നേരിട്ടഭ്യർത്ഥിച്ചിട്ടുണ്ട്: റോഷൻ ആൻഡ്രൂസ്

Must read

കൊച്ചി:മലയാള സിനിമയിൽ പ്രമുഖ സംവിധായകരിൽ ഒരാളാണ് റോഷൻ ആൻഡ്രൂസ്. നിരവധി വ്യത്യസ്ത സിനിമകളാണ് മലയാളത്തിന് അദ്ദേഹം സമ്മാനിച്ചിട്ടുള്ളത്. റോഷൻ ആൻഡ്രൂസിന്റെ കരിയറിലെ പകുതിയിലധികം ചിത്രങ്ങളും വാണിജ്യപരമായി നേട്ടമുണ്ടാക്കിയവയാണ്. എന്നാൽ ചില സിനിമകൾ വലിയ രീതിയിൽ പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്.

അതിലൊന്നാണ് അവസാനം പുറത്തിറങ്ങിയ സാറ്റർഡേ നൈറ്റ്. നിവിൻ പോളി, അജു വർ​ഗീസ്, സിജു വിത്സൺ, സൈജു കുറുപ്പ്, സാനിയ ഇയ്യപ്പൻ, ​ഗ്രേസ് ആന്റണി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായ ചിത്രത്തിന് തിയേറ്ററിൽ മോശം പ്രതികരണമാണ് ലഭിച്ചത്. ഇതിനു പിന്നാലെ സിനിമാ നിരൂപണം നടത്തുന്നത് സംബന്ധിച്ച് റോഷൻ ആൻഡ്രൂസ് നടത്തിയ പരാമർശം വലിയ വിവാദമാവുകയും നിരവധി പരിഹാസം ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.

roshan andrews

ഇപ്പോഴിതാ, തന്റെ പ്രസ്താവനയിൽ കൂടുതൽ വ്യക്തത വരുത്തി പുതിയ അഭിപ്രായ പ്രകടനങ്ങളുമായി എത്തിയിരിക്കുകയാണ് റോഷൻ ആൻഡ്രൂസ്.

കോടിക്കണക്കിനു രൂപ ചെലവിട്ടു നിർമിക്കുന്ന സിനിമയെ ആദ്യ ഷോ കണ്ടു വലിച്ചുകീറുന്നത് സാഡിസ്റ്റ് മനോഭാവമാണെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് റോഷൻ ആൻഡ്രൂസ്. സിനിമയെ ക്രിയേറ്റീവായി വിമർശിക്കണമെന്നും വ്യക്തിഹത്യയല്ല സിനിമാ റിവ്യൂ എന്നും അദ്ദേഹം പറയുന്നു. തിയേറ്ററുകളിൽ ആദ്യ പകുതി കഴിയുമ്പോൾ തന്നെ മൈക്കുമായി വരുന്നവരെ വിലക്കണമെന്ന് താൻ അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നുണ്ട്.

പണം മുടക്കി സിനിമ കാണുന്നവർക്ക് വിമർശിക്കാൻ അവകാശമില്ലെന്ന് പറഞ്ഞിട്ടില്ല. 17 വർഷമായി പ്രേക്ഷകരുടെ പിന്തുണയിലാണ് താൻ നിൽക്കുന്നത്. തന്റെ മറുപടിയെ വിവാദമുണ്ടാക്കിയവർ വളച്ചൊടിക്കുകയായിരുന്നു. കേരളത്തിലെ പ്രബുദ്ധ പ്രേക്ഷകരെ വിമർശിച്ചിട്ടില്ല. സിനിമയെ റിവ്യൂ ചെയ്യുന്നവരുടെ നിലവാര തകർച്ചയെ കുറിച്ചാണ് താൻ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഇവർ ഉപയോഗിക്കുന്ന ഭാഷയും ശൈലിയും എത്ര നിലവാരം കുറഞ്ഞതാണ്. പരമ പുച്ഛമാണ് എല്ലാവരോടുമെന്നും കൂട്ടിച്ചേർത്തു.

യുട്യൂബ് നിരൂപകരിൽ പലരും ഇടവേളകളിൽ പ്രേക്ഷകരുടെ അഭിപ്രായം എടുത്ത് ഇതു കാണിച്ച് നിർമാതാവിനെ ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്ന ആരോപണവും സംവിധായകൻ ഉന്നയിക്കുന്നുണ്ട്.. പണം നൽകിയില്ലെങ്കിൽ സിനിമ മോശമാണെന്ന് പ്രേക്ഷക പറഞ്ഞതു മാത്രം കാണിക്കും. ഇത്തരക്കാരെ തിയറ്ററിൽ കയറ്റാതിരിക്കാൻ തിയറ്റർ ഉടമകൾ ശ്രദ്ധിക്കണം. സിനിമ കഴിഞ്ഞ് ആദ്യ ദിവസം മൈക്കുമായി വരുന്നവനെ തട്ടിമാറ്റണം. ഇത്തരക്കാരെ തിയറ്ററിൽക്കയറ്റരുതെന്ന് നിർമാതാവും തിയറ്റർ ഉടമയുമായ ആന്റണി പെരുമ്പാവൂരിനോടും മറ്റും നേരിട്ടഭ്യർഥിച്ചിട്ടുണ്ടെന്നും റോഷൻ ആൻഡ്രൂസ് പറഞ്ഞു.

roshan andrews

റിവ്യൂവും നിരൂപണവും രണ്ടു രണ്ടാണ് എന്ന തിരിച്ചറിവ് വേണമെന്നും റോഷൻ പറയുന്നു. പണ്ട് സിനിമയുടെ ക്രിയേറ്റിവിറ്റിയെക്കുറിച്ച് സംസാരിക്കുന്ന നല്ല റിവ്യൂകൾ വന്നിരുന്നു. ഇവിടെ റിവ്യൂ ചെയ്യുന്നവർ സിനിമയിൽ എത്താൻ കഴിയാതെ പോയതിന്റെ നിരാശയാണ് പ്രകടിപ്പിക്കുന്നത്. സാഡിസ്റ്റുകളാണവർ. വ്യക്തിഹത്യ നടത്തുന്ന ഇവരെ തുരത്തിയോടിക്കണം. എല്ലാവരും മോശമാണെന്നും പറഞ്ഞിട്ടില്ല. സിനിമയെ വസ്തുതാപരമായി മനസ്സിലാക്കി റിവ്യൂ ചെയ്യുന്നവർ വളരെക്കുറവാണെന്നും റോഷൻ ആൻഡ്രൂസ് പറയുന്നു.

അതേസമയം, കൊറിയയിൽ നല്ല സിനിമകളുടെ പ്രചോദനം അവിടത്തെ ജനതയാണെന്നാണ് താൻ ചൂണ്ടിക്കാട്ടിയത് എന്നും സംവിധായകൻ പറഞ്ഞു. സിനിമയാണ് അവരുടെ ഏറ്റവും വലിയ ഉല്ലാസമെന്നും റോഷൻ ആൻഡ്രൂസ് പറഞ്ഞു. അടുത്തകാലത്ത് റിവ്യൂകളെക്കുറിച്ച് പറഞ്ഞ് വിവാദത്തിലായ മോഹന്‍ലാല്‍, അഞ്ജലി മേനോന്‍, അല്‍ഫോണ്‍സ് പുത്രന്‍ എന്നിവരെയും റോഷന്‍ ആന്‍ഡ്രൂസ് പിന്തുണച്ചു. മെസിയുടെ കളി മോശമാണെങ്കില്‍ കളിയെ വിമര്‍ശിക്കൂ, മെസിയുടെ വ്യക്തിപരമായ കാര്യം അതില്‍ വലിച്ചിഴയ്ക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week