തനിക്ക് കിട്ടാത്ത അവാർഡ് മമ്മൂട്ടിക്ക് കിട്ടരുതേ എന്ന് പ്രാർത്ഥിച്ച ഒരു നടനുണ്ടായിരുന്നു മലയാള സിനിമയിലെന്ന് നടൻ മുകേഷ്. അത് മറ്റാരുമല്ല,കഴിഞ്ഞയിടെ നമ്മളെ വേർപിരിഞ്ഞു പോയ നടൻ ഇന്നസെന്റ് ആണ്. മുകേഷും ഇന്നസെന്റും നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. നിരവധി ചിരിമുഹൂർത്തങ്ങൾ നമുക്ക് സമ്മാനിച്ചിട്ടുമുണ്ട്.
ഇന്നസെന്റിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവെയ്ക്കുന്നതിനിടയിലാണ് ഈ ദേശീയ അവാർഡ് ഓർമയും മുകേഷ് പങ്കുവെച്ചത്. ഒരു തവണ ദേശീയ അവാർഡിന് മമ്മൂട്ടി, ഇന്നസെന്റ്, അമിതാഭ് ബച്ചൻ എന്നിവരായിരുന്നു പരിഗണിക്കപ്പെട്ടിരുന്നത്. എന്നാൽ, തനിക്ക് കിട്ടിയില്ലെങ്കിലും കുഴപ്പമില്ല മമ്മൂട്ടിക്ക് കിട്ടാതിരുന്നാൽ മതിയെന്ന് ആയിരുന്നു ഇന്നസെന്റ് അന്ന് പ്രാർത്ഥിച്ചതെന്ന് മുകേഷ് പറഞ്ഞു.
പലരും മനസിൽ ഇത്തരം കാര്യങ്ങൾ തോന്നിയാൽ പറയില്ലെന്നും എന്നാൽ ഇന്നസെന്റ് അങ്ങനെയല്ലെന്നും ഓർമിക്കുകയാണ് മുകേഷ്. ദേശാഭിമാനിയിൽ എഴുതിയ കുറിപ്പിലാണ് മുകേഷ് ഇക്കാര്യങ്ങൾ അനുസ്മരിച്ചത്. അദ്ദേഹം അഭിനയിച്ച പത്താം നിലയിലെ തീവണ്ടി എന്ന സിനിമയ്ക്ക് അവാർഡ് കിട്ടുമെന്ന് വിചാരിച്ചിരുന്നു. അപ്പോൾ ടിവിയിൽ അവസാന റൗണ്ടിൽ ഇന്നസെന്റ്, മമ്മൂട്ടി, അമിതാഭ് ബച്ചൻ എന്ന് സ്ക്രോൾ വന്നു. അത് കണ്ടപ്പോൾ തനിക്ക് കിട്ടിയില്ലെങ്കിലും മമ്മൂട്ടിക്ക് കിട്ടരുതെന്ന് പ്രാർത്ഥിച്ചെന്നും ഒടുവിൽ രണ്ടുപേർക്കും കിട്ടാതെ ബച്ചന് കിട്ടിയപ്പോൾ സന്തോഷിച്ചതായും ഇന്നസെന്റെ പറഞ്ഞെന്ന് മുകേഷ് പറഞ്ഞു.