സംസ്ഥാനത്ത് കോ- ലീ – ബി സഖ്യമുണ്ടായിട്ടുണ്ട്,ബി.ജെ.പി വോട്ടുകള്‍ കൂട്ടിയത് ഈ സഖ്യത്തിലൂടെ തുറന്ന് പറഞ്ഞ് ഒ.രാജഗോപാല്‍

കോഴിക്കോട്:കേരളത്തില്‍ കോണ്‍ഗ്രസ് – ലീഗ് – ബിജെപി സഖ്യമുണ്ടായിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് മുതിര്‍ന്ന ബിജെപി നേതാവ് ഒ രാജഗോപാല്‍. നേതൃത്വത്തിന്റെ അനുമതിയോടെയായിരുന്നു സഖ്യമെന്നും ഇത് ബിജെപിക്ക് നേട്ടമായെന്നും രാജഗോപാല്‍ പറഞ്ഞു. വടക്കന്‍ കേരളത്തിലായിരുന്നു സഖ്യം കൂടുതല്‍, സംസ്ഥാനത്ത് വോട്ടുകച്ചവടം ഉണ്ടായിട്ടുണ്ടെന്നാണ് മുതിര്‍ന്ന ബിജെപി നേതാവ് വെളിപ്പെടുത്തിയിരിക്കുന്നത്.

‘പ്രാദേശിക തലത്തിലായിരുന്നു ധാരണ. നേതൃത്വത്തിന്റെ അറിവോടെയാണ് ഈ ധാരണ ഉണ്ടായിരുന്നത്. ഈ സഖ്യം ബിജെപിക്ക് നേട്ടം ചെയ്തിട്ടുണ്ട്. മഞ്ചേശ്വരത്തും ഒറ്റപ്പാലത്തും ബിജെപിയുടെ വോട്ടുകള്‍ കൂടാന്‍ ഇത് കാരണമായി. പ്രായോഗിക രാഷ്ട്രീയത്തില്‍ അഡ്ജസ്റ്റ്‌മെന്റ് വേണ്ടി വരും. അഡ്ജസ്റ്റ്‌മെന്റ് നേതൃതലത്തില്‍ അറിഞ്ഞാല്‍ മതി. ജനങ്ങളോട് പറയേണ്ട കാര്യമില്ല’, രാജഗോപാല്‍ പറയുന്നു.

എല്‍ഡിഎഫുമായി വോട്ടുകച്ചവടം നടത്തിയെന്ന ബാലശങ്കറിന്റെ ആരോപണം അസംബന്ധമെന്നും രാജഗോപാല്‍ പറയുന്നു. സിപിഎമ്മും ബിജെപിയും തമ്മില്‍ ഡീലുണ്ടെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. ബാലശങ്കര്‍ ആരോ പറയുന്നത് ഏറ്റുപറയുകയാണെന്നാണ് രാജഗോപാല്‍ പറയുന്നത്.

താന്‍ ജയിച്ച നേമം മണ്ഡലത്തില്‍ കെ മുരളീധരന്‍ ശക്തനായ സ്ഥാനാര്‍ത്ഥി തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. കരുണാകരന്റെ പാരമ്പര്യമുള്ള മുരളീധരന് ജനങ്ങളുടെ അംഗീകാരമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News