കൊച്ചി:വിനോദസഞ്ചാര മേഖലയില്‍ കഴിഞ്ഞ വര്‍ഷം കേരളം കൈവരിച്ചത് മികച്ച നേട്ടങ്ങള്‍. സംസ്ഥാനത്തെത്തിയ വിദേശ-ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധവാണ് 2023ല്‍ ഉണ്ടായത്. ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ 15.92 ശതമാനം വര്‍ധനവും വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ 87.83 ശതമാനത്തിന്റെ വര്‍ധനവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിനോദസഞ്ചാര വകുപ്പാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.
2023 ല്‍ രാജ്യത്തിനകത്ത് നിന്ന് 2,18,71,641 സന്ദര്‍ശകരാണ് സംസ്ഥാനത്ത് എത്തിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 15.92 ശതമാനം വര്‍ധനയാണിത്.
2022 ല്‍ 1,88,67,414 ആഭ്യന്തര വിനോദസഞ്ചാരികളാണ് കേരളത്തില്‍ എത്തിയത്. കോവിഡിന് മുമ്പുള്ള കണക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവ് 18.97 ശതമാനം വര്‍ധിച്ചു എന്നത് ശ്രദ്ധേയമാണ്.
2023ല്‍ എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം ആഭ്യന്തര സന്ദര്‍ശകര്‍ എത്തിയത്, 44,87,930 പേര്‍. ഇടുക്കി (36,33,584), തിരുവനന്തപുരം (35,89,932), തൃശൂര്‍ (24,78,573), വയനാട് (17,50,267) എന്നീ ജില്ലകളാണ് കൂടുതല്‍ സഞ്ചാരികള്‍ എത്തിയ മറ്റു ജില്ലകള്‍
2022 ല്‍ 3,45,549 വിദേശ സഞ്ചാരികളാണ് എത്തിയതെങ്കില്‍ 2023 ല്‍ 6,49,057 പേരായി വര്‍ധിച്ചു. 87.83 ശതമാനത്തിന്റെ വളര്‍ച്ചയാണിത്. 2,79,904 വിദേശസഞ്ചാരികള്‍ എത്തിയ എറണാകുളം ജില്ലയാണ് ഒന്നാമത്. തിരുവനന്തപുരം (1,48,462), ഇടുക്കി (1,03,644), ആലപ്പുഴ (31,403), കോട്ടയം (28,458) ജില്ലകളാണ് പിന്നീട്.
വിനോദസഞ്ചാരികളുടെ വരവ് കോവിഡിന് മുന്‍പുള്ള സാഹചര്യത്തിലേക്ക് പൂര്‍ണമായി എത്തിയിട്ടില്ല. എങ്കിലും വിദേശ സഞ്ചാരികളുടെ കാര്യത്തില്‍ ക്രമാനുഗതമായ വര്‍ദ്ധനവ് സാധ്യമാകുന്നത് മികച്ച സൂചനയാണെന്ന് ടൂറിസം വകുപ്പ് വ്യക്തമാക്കി.