‘കല്യാണം കഴിഞ്ഞ കാര്യം മറച്ചുവെക്കുന്ന നിരവധി നടിമാരുണ്ട്’ : ഗ്രേസ് ആന്റണി

കൊച്ചി: മലയാള സിനിമയിലെ നായികമാരെ സംബന്ധിച്ച് വെളിപ്പെടുത്തലുമായി നടി ഗ്രേസ് ആന്റണി. വിവാഹം കഴിച്ചുവെന്ന കാര്യം പോലും മറച്ചുവെച്ച ശേഷം അഭിനയ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന നടിമാരുണ്ടെന്നാണ് താരം പറയുന്നത്. എന്നാല്‍ അവസരങ്ങള്‍ കുറയുമോയെന്ന ഭയം കാരണമാണ് പലരും വിവാഹക്കാര്യം മറച്ചുവെക്കുന്നതെന്നും ഗ്രേസ് കൂട്ടിച്ചേര്‍ത്തു.

ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട് താരം. വിവാഹത്തിന് ശേഷം പല നടിമാര്‍ക്കും സിനിമയില്‍ അവസരം കുറയുന്ന പ്രവണതയാണ് കാണാറുള്ളത്. ഇതില്‍ ഒരു മാറ്റം വേണമെന്ന് താന്‍ വ്യക്തിപരമായി ആഗ്രഹിക്കുന്നുവെന്നാണ് ഗ്രേസ് പറയുന്നത്. റെഡ് എംഎമ്മിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

‘വിവാഹം കഴിഞ്ഞ കാര്യം മറച്ച് വയ്ച്ചിരിക്കുന്ന സുഹൃത്തുക്കള്‍ തനിക്കുമുണ്ട്. ഞാന്‍ ഒരാള്‍ വിചാരിച്ചാല്‍ മാറില്ല. എന്നാലും എനിക്ക് ഒരു ആഗ്രഹമുണ്ട്. നമ്മുടെ സിനിമയില്‍ വിവാഹ ശേഷം സ്ത്രീകള്‍ക്ക് അവസരം കുറയുന്നുണ്ട്. അത് എന്തുകൊണ്ടാണെന്ന് എനിക്ക് ഇപ്പോഴും മനസിലാകുന്നില്ല.

ഞാന്‍ ഒരുപാട് സംവിധായകരോടും നിര്‍മ്മാതാക്കളോടും നിങ്ങള്‍ ആ ചിന്താഗതിയുള്ളവരാണോ എന്ന് ചോദിക്കാറുണ്ട്. ഏയ് ഇല്ലെടോ എന്നാണ് അവര്‍ പറയുക.

പക്ഷെ ഇപ്പോഴും എനിക്കറിയാം, വിവാഹം കഴിഞ്ഞിട്ടും അത് പുറത്ത് പറയാത്ത സുഹൃത്തുക്കളുണ്ട്. അവര്‍ക്കത് പുറത്ത് പറയാന്‍ പേടിയാണ്. അവസരങ്ങള്‍ കുറയുമോ എന്ന്. ഞാന്‍ ഒരാള്‍ വിചാരിച്ചാല്‍ മാറുമോ എന്നറിയല്ല. പക്ഷെ മാറണം എന്ന് ഞാന്‍ കരുതുന്ന കാര്യമാണ്.’ – നടി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News