KeralaNews

ഡാം തുറന്നതിന് പിന്നാലെ ഒഴുകിയെത്തിയത് ഭീമന്‍ മീനുകള്‍; പുഴയിലേക്ക് എടുത്ത് ചാടി യുവാക്കള്‍(വീഡിയോ)

കൊല്ലം: ഡാമിന്റെ ഷട്ടര്‍ തുറന്നതിന് പിന്നാലെ ഒഴുകിയെത്തിയ മീനുകളെ പിടികൂടാന്‍ പുഴയിലേക്ക് എടുത്ത് ചാടി യുവാക്കളുടെ സാഹസികത. കൊല്ലം തെന്മല ഡാം തുറന്നപ്പോഴാണ് യുവാക്കളുടെ സാഹസികത. കുത്തിയൊഴുകിയ വെള്ളത്തിലേക്കാണ് അപകട സാധ്യത നിലനില്‍ക്കെ യുവാക്കള്‍ എടുത്തു ചാടിയത്. ഇത് സംബന്ധിച്ച് പോലീസിന്റെ മുന്നറിയിപ്പ് നിലനില്‍ക്കെയാണ് ഇത് വകവെയ്ക്കാതെ യുവാക്കളുടെ മീന്‍ പിടുത്തം.

മത്സ്യം പാലത്തിന് നിശ്ചിത ദൂരത്തില്‍ എത്തുമ്പോള്‍ താഴേക്കും ചാടും. മത്സ്യത്തിനൊപ്പം ഇവരും കുറെദൂരം ഒഴുകിപ്പോകും. മീനുകളെ പിടിച്ചശേഷം ഇവര്‍ നീന്തി കയയിലേക്ക് കയറും. കട്ട്‌ല ഇനത്തില്‍പ്പെട്ട മീനാണ് കൂടുതലായും ഒഴുകിയെത്തുന്നത്. 20 കിലോഗ്രാം തൂക്കം വരെയുള്ള മത്സ്യത്തെ ഇവിടെനിന്നും കിട്ടിയിട്ടുണ്ട്. കിലോയ്ക്ക് 250 രൂപ നിരക്കിലാണ് വില്‍ക്കുന്നത്.

തിരുവനന്തപുരം-ചെങ്കോട്ട പാതയിലെ പാലത്തില്‍ നിന്നാണ് യുവാക്കള്‍ വെള്ളത്തിലേക്ക് ചാടുന്നത്. കലങ്ങി ഒഴുകിയെത്തുന്ന പുഴക്കാഴ്ച ഭയാനകമാണ്. ഇതൊന്നും വകവയ്ക്കാതെയാണ് ഒഴുകിയെത്തിയ മീനുകളെ പിടികൂടാന്‍ യുവാക്കളുടെ സാഹസികത. മീനുകളെ പിടിച്ചതിന് ശേഷം നീന്തി കരയ്ക്കു കയറുകയാണ് ചെയ്തത്. കുത്തൊഴുക്കില്‍പ്പെട്ടാല്‍ ജീവന്‍വരെ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്.

സാഹസികത നിറഞ്ഞ ഈ മീന്‍പിടുത്തത്തിനെതിരേ കേരള പൊലീസ് രംഗത്തെത്തിയിട്ടുണ്ട്. ഡാം തുറന്നുവിടുമ്പോള്‍ ഒഴുകി വരുന്ന മീനുകളെ പിടിക്കാന്‍ പുഴയിലേക്ക് ചാടുന്ന പ്രവണത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത് അപകടമാണെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി. പുഴയില്‍ ചാടിയുള്ള മീന്‍പിടുത്തത്തിനെതിരെ പൊലീസ് ശക്തമായി രംഗത്തുവന്നിട്ടും ഇത്തരം മീന്‍പിടുത്തം ഇപ്പോഴും യഥേഷ്ടം നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

അപ്രതീക്ഷിത പേമാരിയെത്തുടര്‍ന്ന് തെന്മല പരപ്പാര്‍ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. കല്ലടയാറ്റിലേക്ക് വെള്ളം ഒഴുക്കിവിട്ട് ജലനിരപ്പ് ക്രമീകരിക്കുകയാണ് ലക്ഷ്യം. ഷട്ടര്‍ തുറന്നതിനു പിന്നാലെ വലിയ അളവില്‍ ജലമാണ് കല്ലടയാറ്റിലെത്തിയത്. പുഴയുടെ പ്രദേശത്ത് താമസിക്കുന്നവര്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button