അപകടത്തില്‍ മരിച്ച നവദമ്പതികളെ തിരിച്ചറിഞ്ഞത് മൊബൈലില്‍ വന്ന അവസാന കോളില്‍ നിന്ന്

തേഞ്ഞിപ്പാലം: അപകടത്തില്‍ മരിച്ച നവദമ്പതികളെ തിരിച്ചറിഞ്ഞത് മൊബൈലില്‍ വന്ന അവസാന കോളില്‍ നിന്ന് .മരിച്ച സലാഹുദ്ദീന്റെ ഫോണിലേക്ക് അവസാനം വന്ന വിളി പരിശോധിച്ച് ആ നമ്പറിലേക്ക് രക്ഷാ പ്രവര്‍ത്തകര്‍ തിരിച്ചുവിളിക്കുകയായിരുന്നു. പെരുവള്ളൂര്‍ പേങ്ങാട്ട് കുണ്ടിനു സമീപം ചേലക്കോട് കണിത്തൊടിക സലാഹുദ്ദീനും (25), ഭാര്യ ഫാത്തിമ ജുമാനയും ചേലേമ്പ്ര സ്പിന്നിങ് മില്‍ അങ്ങാടിക്കടുത്ത് അപകടത്തില്‍പ്പെട്ടത് അപ്പോഴാണ് ബന്ധുക്കള്‍ അറിഞ്ഞത്.

നവംബര്‍ 5ന് ആയിരുന്നു വിവാഹം. അടുത്ത മാസം സലാഹുദ്ദീന്‍ റിയാദിലേക്ക് മടങ്ങാനിരുന്നതാണ്. ഫാത്തിമ ജുമാനയുടെ ബന്ധുക്കളെ ഫറോക്ക് പേട്ടയില്‍ സന്ദര്‍ശിക്കാന്‍ ബൈക്കില്‍ പുറപ്പെട്ടതായിരുന്നു. ദേശീയപാത കാക്കഞ്ചേരി സ്പിന്നിങ് മില്ലിന് സമീപം ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബുള്ളറ്റ് എതിരെ വന്ന ടാങ്കര്‍ ലോറിയുടെ അടിയില്‍ പെടുകയായിരുന്നു. സലാഹുദ്ദീന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ആശുപത്രിയിലേക്കുള്ള വഴിമധ്യേ ഫാത്തിമയും മരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News