CrimeKeralaNews

ബാങ്കിൽനിന്ന് 215 പവൻ സ്വർണം മോഷ്ടിച്ച് മറിച്ചുവിറ്റു; മാനേജർ അടക്കം മൂന്നുപേർ പിടിയിൽ

തിരുവനന്തപുരം: സ്വകാര്യ ബാങ്കില്‍ പണയംവെച്ച സ്വര്‍ണം ബാങ്ക് മാനേജരുള്‍പ്പെടുന്ന സംഘം മറിച്ചുവിറ്റു. സ്വകാര്യബാങ്കിന്റെ മണ്ണന്തല ശാഖയിലാണ് മോഷണം നടന്നത്. 215 പവന്‍ സ്വര്‍ണം തിരിമറി നടത്തിയ സംഭവത്തില്‍ മാനേജര്‍ അടക്കം മൂന്നുപേരെ പിടികൂടി. ബാങ്ക് മാനേജര്‍ എച്ച്. രമേശ്, സുഹൃത്ത് ആര്‍.വര്‍ഗീസ്, സ്വര്‍ണ വ്യാപാരി എം.എസ് കിഷോര്‍ എന്നിവരെയാണ് മണ്ണന്തല പോലീസ് അറസ്റ്റ് ചെയ്തത്.

ബാങ്കിന്റെ ഓഡിറ്റിങ്ങിലാണ് മോഷണ വിവരം പുറത്തറിഞ്ഞത്. രമേശ് മണ്ണന്തലയിലെ ബാങ്ക് മാനേജറായിരുന്ന കാലയളവിലായിരുന്നു തിരിമറി. ഏഴുപേര്‍ ബാങ്കില്‍ പണയം വച്ച 215 പവന്‍ സ്വര്‍ണം പലപ്പോഴായി പ്രതികള്‍ കൈക്കലാക്കി. സ്വര്‍ണം തിരിച്ചെടുക്കാന്‍ നിക്ഷേപകന്‍ എത്തിയപ്പോഴാണ് സ്വര്‍ണം കാണാനില്ലെന്ന വിവരം അറിയുന്നത്.

തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബര്‍ 27-ന് നടത്തിയ ഓഡിറ്റിങ്ങില്‍ 215 പവന്‍ സ്വര്‍ണം കാണാനില്ലെന്ന് സ്ഥിരീകരിച്ചു. ഇതോടെ ബാങ്കിന്റെ റീജണല്‍ മാനേജര്‍ മണ്ണന്തല പോലീസില്‍ പരാതി നല്‍കി. പ്രതിയായ രമേശ് അപ്പോഴേക്കും ട്രാന്‍ഫര്‍ നേടി ബാങ്കിന്റെ പാളയത്തെ ബ്രാഞ്ചിലേക്ക് മാറിയിരുന്നു.

റീജണല്‍ മാനേജരിന്റെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. അന്‍പത് ലക്ഷം രൂപയുടെ കടം പ്രതികള്‍ക്കുണ്ടായിരുന്നു. കടബാധ്യത തീര്‍ക്കാനായിരുന്നു മോഷണം നടത്തിയതെന്നാണ് കരുതുന്നത്. മൂവരും ഒന്നിച്ചാണ് ആസൂത്രണം നടത്തിയതെന്നാണ് മൊഴി.

ബാങ്കില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വില്‍പന നടത്താന്‍ രമേശിനെ സഹായിച്ചത് സുഹൃത്ത് വര്‍ഗീസും സ്വര്‍ണ വ്യാപാരി കിഷോറുമാണ്. പകുതിയിലേറെ സ്വര്‍ണം പ്രതികള്‍ പലയിടത്തായി വിറ്റതായാണ് പോലീസ് കണ്ടെത്തല്‍. കേസില്‍ ശാസ്ത്രീയ തെളിവുശേഖരണമടക്കം കടമ്പകള്‍ ഇനിയുമേറെ കടക്കാനുണ്ട്. ഇതിനൊപ്പം മോഷ്ടിച്ച സ്വര്‍ണം കണ്ടെത്തേണ്ടതുമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker