തിരുവനന്തപുരം: വിഴിഞ്ഞം മുല്ലൂരിനടുത്തുള്ള നെല്ലിക്കുന്നിൽ പൂട്ടിയിട്ടിരുന്ന സ്വകാര്യ റിസോർട്ടിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയ രണ്ട് പേരെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു. മുല്ലൂർ നെല്ലിക്കുന്ന് വിത്തറത്താൻ വിള വീട്ടിൽ വിഷ്ണു (28), മുല്ലൂർ പിണർ നിന്ന വിളാകം മേക്കരിക്കത്തു വീട്ടിൽ സുരേഷ് (40) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. വ്യാഴാഴ്ച അർദ്ധരാത്രിയോടെ റിസോർട്ട് വളപ്പിലെ ജനറേറ്റർ തകർത്ത് അതിലെ വിലപിടിപ്പുള്ള കേബിളുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും സംഘം കവരുകയായിരുന്നു.
മോഷണ വിവരം അറിഞ്ഞ റിസോർട്ട് ഉടമ നൽകിയ പരാതിയെത്തുടർന്ന് വിഴിഞ്ഞം പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഒളിവിലായിരുന്ന പ്രതികൾ വലയിലായത്. എസ്.ഐ. കൃഷ്ണലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.


