കൊച്ചി: കെഎസ്യുവിനെ പുകഴ്ത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് കാലത്ത് തന്റെ സഹപ്രവര്‍ത്തകരായിരുന്ന പ്രഫുല ചന്ദ്രനെയും മാരായമുട്ടം സുരേഷിനെയും അനുസ്മരിച്ചുകൊണ്ടുള്ള കുറിപ്പിലാണ് കെ.സിയുടെ പ്രശംസ. മുഖ്യമന്ത്രി വി.ഡി സതീശനും കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും തമ്മിലുള്ള ഭിന്നത ചര്‍ച്ചയായതിന് പിന്നാലെയാണ് കെ.സി വേണുഗോപാല്‍ കെഎസ്യുവിന്റെ പോരാട്ടത്തെ ഓര്‍മിപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. ഈ പോസ്റ്റ് പലതലത്തിലുള്ള വ്യാഖ്യനങ്ങള്‍ക്ക് ഇട നല്‍കിയിട്ടുണ്ട്.
അതേസമയം കെ.എസ്.യു മുഖ്യമന്ത്രി പോര് മുറുകുകയാണ്. മുഖ്യമന്ത്രിയും കെ.എസ്.യു സംസ്ഥാന അധ്യക്ഷനും ഒരേ പരിപാടിയില്‍ പങ്കെടുത്തുവെങ്കിലും മുഖ്യമന്ത്രി മുഖം കൊടുക്കാത്തത് കൂടുതല്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ മുഖ്യമന്ത്രി വി.ഡി. സതീശന്റെ അടുത്ത് പോയി കാണാന്‍ ശ്രമിച്ചെങ്കിലും മുഖം നല്‍കാതെ കടന്നുപോവുകയായിരുന്നു. തേവര സേക്രട്ട് ഹാര്‍ട്ട് കോളജ് സംഘടിപ്പിച്ച സ്വീകരണ പരിപാടിയിലാണ് മുന്‍ വിദ്യാര്‍ഥികളായ ഇരുവരും പങ്കെടുത്തത്.
അതേസമയം, ഒരേ ചടങ്ങിലുണ്ടായിരുന്നിട്ടും മുഖ്യമന്ത്രി ഗൗനിക്കാതെ പോയതില്‍ പ്രതികരിച്ച് കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍. കെ.എസ്.യുക്കാരുടെ ചോരയും നീരുമാണ് ഈ സര്‍ക്കാറെന്നും തെറ്റ് ചൂണ്ടിക്കാട്ടിയത് മാത്രമാണ് ചെയ്തതെന്നും അത് തെറ്റായി തോന്നുന്നില്ലെന്നും അത് ഇനിയും തുടരുമെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു. ഞാന്‍ പഠിച്ച രാഷ്ട്രീയം സമ്മുന്നതരെ കാണുമ്പോള്‍ ചിരിക്കുക എന്നുള്ളതാണ്. പ്രവര്‍ത്തകരുടെ വികാരം ഉള്‍ക്കൊള്ളുകയാണ് ഞാന്‍ പഠിച്ചത്. കെ.എസ്.യുക്കാരുടെ ചോരയും നീരുമാണ് ഈ സര്‍ക്കാര്‍. തെറ്റ് ചൂണ്ടിക്കാട്ടിയത് മാത്രമാണ് ഞാന്‍ ചെയ്ത തെറ്റെന്നും അത് തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇത് വിമര്‍ശനമായി കാണേണ്ടതല്ല. മുഖ്യമന്ത്രിയെ കാണാന്‍ കഴിയാത്തത് തെറ്റായി കാണുന്നില്ല. ഇനിയും മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിക്കുമെന്നും ഗവണ്‍മെന്റ് പ്ലീഡര്‍ വിഷയത്തില്‍ ആശങ്കകള്‍ പങ്കുവെക്കുമെന്നും അലോഷ്യസ് വ്യക്തമാക്കി. മുഖ്യമന്ത്രി-കെ.എസ്.യു തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് വി.ഡി. സതീശനും അലോഷ്യസ് സേവ്യറും ഒരേ ചടങ്ങില്‍ എത്തുന്നത്. വേദിയില്‍ സംസാരിച്ചതിന് ശേഷം പുറത്തിറങ്ങിയ മുഖ്യമന്ത്രി അലോഷ്യസ് സേവ്യറെ കാണാതെ മടങ്ങുകയായിരുന്നു. സതീശനെ കാണാന്‍ അലോഷ്യസ് കാത്തുനിന്നെങ്കിലും സതീശന്‍ മുഖം കൊടുത്തില്ല. മുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായാണ് സതീശന്‍ കലാലയത്തിലെത്തുന്നത്.
ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനങ്ങളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളില്‍ ഭിന്നതകള്‍ കൂടുതല്‍ രൂക്ഷമാവുകയാണ്. പ്ലീഡര്‍ നിയമനത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശനെ നേരില്‍ കാണാന്‍ അനുമതി തേടിയ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് മുഖ്യമന്ത്രിയുടെ ഓഫീസ് കൂടിക്കാഴ്ചക്ക് അനുമതി നല്‍കിയില്ല. തിരക്കേറിയ ഷെഡ്യൂള്‍ കാരണമാണ് അനുമതി ലഭിക്കാതിരുന്നതെന്ന് ഔദ്യോഗിക വിശദീകരണമുണ്ടെങ്കിലും വിഷയം പാര്‍ട്ടിക്കുള്ളില്‍ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ക്ക് വഴിതുറന്നിരിക്കുകയാണ്.
എസ്.എഫ്.ഐ മുന്‍ പ്രവര്‍ത്തകയായ ജിയോണ ജെയിംസ്, ആര്‍.എസ്.എസ് ബന്ധം ആരോപിക്കപ്പെടുന്ന ഡി.എസ്. ശരത് എന്നിവരെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാരായി നിയമിച്ചതിനെതിരെയാണ് കെ.എസ്.യു പ്രതിഷേധം ഉയര്‍ത്തിയത്. എന്നാല്‍, ‘ഗവണ്‍മെന്റ് പ്ലീഡര്‍മാരെ നിശ്ചയിക്കുന്നതില്‍ കെ.എസ്.യുവിന് എന്താണ് കാര്യം?’ എന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരാമര്‍ശം കെ.എസ്.യു പ്രവര്‍ത്തകര്‍ക്കിടയില്‍ അതൃപ്തിക്ക് കാരണമായി.
English Summary
Amid growing tension between Chief Minister V.D. Satheesan and KSU State President Aloysius Xavier, AICC General Servant K.C. Venugopal posted a Facebook message praising KSU’s historic struggle in shaping the Congress party. Venugopal’s public appreciation is seen as a strong political counter to CM Satheesan, who recently snubbed Aloysius at a public event in Thevara. The internal division within the KPCC has intensified, with a major faction criticizing the Chief Minister’s unilateral and dismissive approach towards the student wing over the controversial government pleader appointments.


