26.1 C
Kottayam
Wednesday, May 22, 2024

കൊല്ലത്ത് പട്ടാപ്പകൽ മുഖംമൂടി സംഘത്തിന്‍റെ കവര്‍ച്ച,23 ലക്ഷം രൂപ അപഹരിച്ചു

Must read

കൊല്ലം: അഞ്ചലിൽ പട്ടാപ്പകൽ മുഖംമൂടി സംഘത്തിന്‍റെ കവര്‍ച്ച. കൈപ്പള്ളി സ്വദേശി നസീറിന്‍റെ വീട്ടിൽ നിന്നാണ് 23 ലക്ഷം രൂപ മോഷ്ടിച്ചത്. വീട്ടുടമയുടെ മകനെ കെട്ടിയിട്ട് മുറിയിലാകെ മുളകുപൊടി വിതറിയ ശേഷമായിരുന്നു മുഖംമൂടി സംഘത്തിന്റെ കവർച്ച. ഉച്ചയ്ക്ക് വീട്ടിലെ സ്ത്രീകൾ പ്രാര്‍ഥിക്കാൻ പോയ സമയത്തായിരുന്നു കവര്‍ച്ച. മുഖംമൂടി ധരിച്ചെത്തിയ നാലംഗ സംഘം നസീറിന്‍റെ മകൻ സിബിൻ ഷായെ കെട്ടിയിട്ടു.

കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും യുവാവിന്റെ തലയിൽ ബിയര്‍ കുപ്പി കൊണ്ട് അടിക്കുകയും ചെയ്തു. ഇതിന് ശേഷമായിരുന്നു അലമാരയിൽ സൂക്ഷിച്ചിരുന്ന 23 ലക്ഷം രൂപ കവര്‍ന്നത്. വീട്ടിൽ പണം സൂക്ഷിച്ചിരുന്ന കാര്യം അറിയാവുന്ന ആളുകൾ നടത്തിയ കവർച്ചെയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അഞ്ചലിൽ നസീറിന്‍റെ ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനം മറ്റൊരാൾക്ക് വിറ്റിരുന്നു.

വിൽപ്പന കരാറിന്‍റെ അഡ്വാൻസ് ലഭിച്ച പണമാണ് മോഷണം പോയതെന്നാണ് വീട്ടുകാരുടെ മൊഴി. പുനലൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം മോഷണം നടന്ന വീട്ടിലെത്തിത്തി തെളിവുകൾ ശേഖരിച്ചു. ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. വീടിന്‍റെ മുകളിലത്തെ നിലയുടെ പൂട്ട് പൊളിച്ച് മോഷ്ടാക്കൾ അകത്തു കടന്നുവന്നാണ് വീട്ടുകാരുടെ മൊഴി.

അറുത്തു മാറ്റിയ ഒരു പൂട്ടും കൈയുറകളും പൊലീസ് കണ്ടെടുത്തു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസിന്‍റെ അന്വേഷണം. അതേസമയം,  കണ്ണൂര്‍ ഇരിട്ടിയില്‍  പട്ടാപ്പകൽ വീട് കുത്തിതുറന്നു കവർച്ച നടത്തിയ സംഭവത്തിലെ അന്വേഷണം പുരോഗമിക്കുകയാണ്. പട്ടാപ്പകൽ വീട്ടില്‍ മോഷണം നടത്തി  20 പവനും 22,000 രൂപയുമാണ് കവർന്നു. കവർച്ചാ സംഘത്തെ തിരിച്ചറിയാതിരിക്കാൻ സിസിടിവിയുടെ ഡിവിആറും കവർന്നതാണ് അന്വേഷണത്തിന് തിരിച്ചടിയായത്. ഉളിക്കൽ കല്ലുവയൽ ബെന്നി ജോസഫിന്‍റെ വീട്ടിലായിരുന്നു കവർച്ച.

ഇന്നലെ രാവിലെ ബെന്നി ജോസഫും കുടുംബവും പള്ളിയിൽ പോയി തിരിച്ചെത്തിയപ്പോൾ ആണ് കവർച്ച നടന്ന വിവരം അറിഞ്ഞത്. വീടിന്‍റെ മുൻവശത്തെ കതകുകൾ തുറന്നിട്ട നിലയിലായിരുന്നു. അകത്ത് കയറി നോക്കിയപ്പോഴാണ് രണ്ട് മുറികളിലെയും അലമാരകൾ കുത്തി തുറന്നത് കാണുന്നത്. അലമാരയിൽ സൂക്ഷിച്ച ആഭരണവും പണവും ആണ് നഷ്ടമായത്.വീട്ടിൽ സിസിടിവി ഉണ്ടായിരുന്നെങ്കിലും നോക്കുമ്പോൾ ഡിവിആറും മോഷ്ടാവ് കൊണ്ടുപോയതായി മനസിലാവുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week