ജ്വല്ലറി ഉടമയില്‍ നിന്നും 14 ലക്ഷം രൂപ തട്ടിയ കേസില്‍ ദമ്പതികള്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍

മട്ടന്നൂര്‍: ജ്വല്ലറി ഉടമയില്‍ നിന്ന് 14 ലക്ഷം തട്ടിയ നാല്‍വര്‍ സംഘത്തെ 24 മണിക്കൂറിനുള്ളില്‍ സിനിമാ സ്‌റ്റൈലില്‍ പിടി കൂടി മട്ടന്നൂര്‍ പോലീസ്. കണ്ണൂരിലെ ജ്വല്ലറി ഉടമ കീഴുത്തള്ളിയിലെ പിവി. ദിനേശന്റെ കൈയ്യില്‍ നിന്ന് 14 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തേയാണ് കേസ് രജിസ്റ്റര്‍ ചെയ്ത് 24 മണിക്കൂറിനുള്ളില്‍ മട്ടന്നൂര്‍ സിഐബി എസ് സജന്റെ നേതൃത്വത്തില്‍ പോലീസ് സംഘം പിടികൂടിയത്.

സിസിടിവി ദൃശ്യം പരിശോധിച്ചതില്‍ നിന്നും ഒരു വ്യക്തിയെ ഞായറാഴ്ച രാത്രി തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്ന് പ്രതിയെ പിന്തുടരുകയും സംശയം തോന്നിയ പ്രതി വാഹനവുമായി അമിത വേഗത്തില്‍ സഞ്ചരിക്കുന്നതിനിടെ പിടികൂടുകയായിരുന്നു. മറ്റു പ്രതികളെ തിങ്കളാഴ്ച പുലര്‍ച്ചയോടു കൂടി പിടികൂടുകയുമായിരുന്നു. പഴശ്ശി ഡാമിന് സമീപം കെ.റസാഖ് (38) ഉളിയില്‍ സ്വദേശി പി.കെ. റഫീഖ് (39) ഭാര്യ റഹിയാനത്ത് (33) പുതിയങ്ങാടി സ്വദേശി അഷ്‌റഫ് എന്ന മുഹമ്മദ് റാഫി എന്നിവരാണ് പിടിയിലായത്.

മട്ടന്നൂരിലെ ഒരു ബാങ്കില്‍ പണയം വെച്ച സ്വര്‍ണ്ണം എടുക്കാനെന്നു പറഞ്ഞാണ് ഇവര്‍ തന്ത്രപരമായി 14 ലക്ഷം രൂപ കൈക്കലാക്കിയത്. ആദ്യം 15 ലക്ഷം രൂപയാണ് വാങ്ങിയത്. എന്നാല്‍ പണം ലഭിച്ച ശേഷം 14 ലക്ഷം രൂപ മതി എന്നു പറഞ്ഞ് ഒരു ലക്ഷം രൂപ തിരികെ നല്‍കി വിശ്വാസം ആര്‍ജ്ജിക്കുകയും ചെയ്തു. കൈക്കലാക്കിയ 14 ലക്ഷം രൂപ തുല്യമായി പങ്കുവെച്ചതായി പ്രതികള്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. പ്രത്യേക മൊബൈല്‍ ഫോണും, വാട്‌സ് ആപ്പ് നമ്പറും പ്രതികള്‍ ഉപയോഗിച്ചതായി സിഐ പറഞ്ഞു.

ജ്വല്ലറി ഉടമകളെ ഫോണില്‍ വിളിച്ച് ബാങ്കില്‍ സ്വര്‍ണ്ണം പണയം വെച്ചിട്ടുണ്ടെന്നും അത് എടുക്കാന്‍ പണം വേണമെന്നും എടുത്ത സ്വര്‍ണ്ണം ജല്ലറി ഉടമക്ക് തന്നെ വില്ക്കാമെന്നും ഭാര്യ ബാങ്കിനു മുന്നില്‍ ഉണ്ടെന്നും റഫീഖ് പറയും. ജ്വല്ലറി ഉടമയെ പരിചയപ്പെട്ട് പണം വാങ്ങുന്നത് റഹിയാത്ത് ആണ്. ബാങ്കിന്റെ പുറത്ത് നിന്ന് ഇവര്‍ പണം കൈപ്പറ്റി ബാങ്കില്‍ കയറുമ്പോള്‍ ബാങ്കിനുള്ളില്‍ ബന്ധുക്കളുണ്ടെന്നും പുറത്തു നിന്നാല്‍ മതിയെന്നും പണം നല്കുന്ന വ്യക്തിയോട് പറയും.

പര്‍ദ്ദ ധരിച്ച് മുഖം മറച്ച ശേഷം പണം കൈപ്പറ്റി ബാങ്കിലേക്ക് കയറിയ ശേഷം മറ്റു വഴികളിലൂടെ രക്ഷപ്പെടുന്നതാണ് പ്രതികളുടെ രീതി. മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളില്‍ മൂന്നുപേരെ റിമാന്റു ചെയ്തു. റഹിയാനത്തിന് ഇടക്കാല ജാമ്യം ലഭിച്ചു. പ്രതികള്‍ പഴയങ്ങാടിയില്‍ സമാന രീതിയില്‍ 10 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായും കൂടുതല്‍ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്‌ഐ ആര്‍. എന്‍. പ്രശാന്ത് പറഞ്ഞു. സിഐ യോടൊപ്പം എസ്‌ഐ മാരായ സിദ്ദീഖ്,അനീഷ് കുമാര്‍, എഎസ്‌ഐ മാരായ പ്രദീപന്‍, സുനില്‍കുമാര്‍, സിപിഒ മാരായ സിറാജുദ്ദീന്‍, രഗനീഷ്, സവിത, ജോമോന്‍ എന്നിവരും പ്രതികളെ പിടികൂടിയതില്‍ നിര്‍ണ്ണായ പങ്കു വഹിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News