ജൂലിയന്‍ അസാന്‍ജ് ജയില്‍ മോചിതനായി; 1901 ദിവസത്തെ തടവിന് അന്ത്യം, ജാമ്യം നല്‍കി യുഎസ്
ലണ്ടന്‍: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് ജയില്‍ മോചിതനായി. ചാരവൃത്തി കേസില്‍ യുഎസ് ജാമ്യം അനുവദിച്ചതോടെയാണ് യുകെയിലെ ബെല്‍മാര്‍ഷ് ജയിലില്‍ നിന്ന് അസാന്‍ജ് പുറത്തിറങ്ങിയത്. ജാമ്യം ലഭിച്ചതിന് പിന്നാലെ അസാന്‍ജ് ഓസ്‌ട്രേലിയയിലേക്ക് മടങ്ങി. ഓസ്ട്രേലിയന്‍ പൗരനായ അസാന്‍ജ് 2019 മുതല്‍ ലണ്ടനിലെ ബെല്‍മാര്‍ഷ് ജയിലിലായിരുന്നു.
അമേരിക്കയുടെ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി എന്നതായിരുന്നു അദ്ദേഹത്തിന് മേല്‍ ചുമത്തിയിരുന്ന കുറ്റം. തന്റെ സ്വാതന്ത്ര്യത്തിന് പകരമായി യു എസ് കോടതിയില്‍ കുറ്റമേല്‍ക്കാമെന്ന് അസാന്‍ജ് സമ്മതിച്ചതോടെയാണ് ജാമ്യം ലഭിച്ചത് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യു എസ് സര്‍ക്കാരിന്റെ ആയിരക്കണക്കിന് രഹസ്യരേഖകള്‍ ചോര്‍ത്തി തന്റെ വെബ്സൈറ്റായ വിക്കിലീക്സിലൂടെ പ്രസിദ്ധീകരിച്ചു അസാന്‍ജിനെതിരായ ആരോപണം.
ഇത് തങ്ങളുടെ ആഭ്യന്തരസുരക്ഷയ്ക്ക് ഭീഷണിയായി എന്നാണ് അമേരിക്ക പറയുന്നത്. അഫ്ഗാനിസ്ഥാനിലും ഇറാഖിലും അമേരിക്ക നടത്തിയ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച രേഖകള്‍ വിക്കിലീക്‌സിലൂടെ അസാന്‍ജ് പുറത്തുവിട്ടിരുന്നു. എല്ലാ രാജ്യങ്ങളിലുമുള്ള തങ്ങളുടെ എംബസികള്‍ വഴി യു എസ് ചാര പ്രവര്‍ത്തനം നടത്തിയിരുന്നു എന്നതായിരുന്നു വിക്കിലീക്‌സിലൂടെ പുറത്തുവന്നത്.
സഖ്യ രാജ്യങ്ങളുടെ തലവന്മാരെപ്പറ്റി തരംതാണ രീതിയില്‍ നേതാക്കള്‍ പരാമര്‍ശങ്ങള്‍ നടത്തി എന്ന വെളിപ്പെടുത്തലുകള്‍ അമേരിക്കയെ ലോകത്തിന് മുന്നില്‍ പ്രതിരോധത്തിലാക്കിയിരുന്നു. ഇതോടെ യുഎസ് അസാന്‍ജിനെ ശത്രുവായി പ്രഖ്യാപിച്ച് പിടികൂടാനുള്ള ശ്രമങ്ങളാരംഭിച്ചു. അതിനിടെ യുഎസിന് പുറമേ മറ്റു രാജ്യങ്ങളിലെ ഭരണത്തലവന്മാരുടെയും നേതാക്കളുടെയും പരാമര്‍ശങ്ങള്‍ വിക്കിലീക്‌സിലൂടെ പുറത്തുവന്നു.
ഇതോടെ അമേരിക്കയെ പിന്തുണച്ചും രാജ്യങ്ങളെത്തി. ഓസ്‌ട്രേലിയ, ചൈന തുടങ്ങി നിരവധി രാജ്യങ്ങള്‍ വിക്കിലീക്‌സ് നിരോധിക്കുകയോ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്തു. ഫേസ്ബുക്ക്, ഓണ്‍ലൈന്‍ സാമ്പത്തിക സ്ഥാപനങ്ങളായ വീസ, മാസ്റ്റര്‍കാര്‍ഡ് തുടങ്ങിയവ വിക്കിലീക്‌സിനെതിരെ സേവന നിരോധനങ്ങള്‍ നടപ്പിലാക്കുകയും ചെയ്തതോടെ അസാന്‍ജും പ്രതിരോധത്തിലായി.
ഇതിനിടെ സ്വീഡനില്‍ അസാന്‍ജിനെതിരെ ലൈംഗികാരോപണം ഉയര്‍ന്നതോടെ ഇതിന്റെ പേരില്‍ അദ്ദേഹത്തെ ജയിലിലടയ്ക്കാന്‍ സ്വീഡനും ശ്രമം തുടങ്ങി. എന്നാല്‍ അമേരിക്കയുടെ സമ്മര്‍ദ്ദഫലമായുണ്ടായ കേസാണിത് എന്നാണ് വിക്കിലീക്‌സിനോട് അനുഭാവമുള്ളവര്‍ ആരോപിച്ചത്. ലോകരാജ്യങ്ങള്‍ തന്നെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ അസാന്‍ജ് പലരാജ്യങ്ങളിലും അഭയം തേടി.
2012 മുതല്‍ ഇക്വഡോര്‍ ആയിരുന്നു അസാന്‍ജിന് അഭയം നല്‍കിയിരുന്നത്. 2019 ഏപ്രിലില്‍ ഇക്വഡോര്‍ എംബസിയില്‍ നിന്നാണ് ലണ്ടന്‍ പൊലീസ് അസാന്‍ജിനെ അറസ്റ്റ് ചെയ്തത്. ചാരവൃത്തിയുമായി ബന്ധപ്പെട്ട് 17 കേസുകളാണ് അദ്ദേഹം യു എസില്‍ നേരിടുന്നത്. ബ്രിട്ടനിലെ ബെല്‍മാര്‍ഷ് അതിസുരക്ഷാ ജയിലില്‍ നിന്ന് 1901 ദിവസത്തെ തടവ് ജീവിതത്തിന് ശേഷമാണ് അദ്ദേഹം പുറത്തിറങ്ങുന്നത്.
ഓസ്‌ട്രേലിയന്‍ പ്രസാധകനും ഇന്റര്‍നെറ്റ് ആക്റ്റിവിസ്റ്റുമായ ജൂലിയന്‍ പോള്‍ അസാന്‍ജ് 2006-ലാണ് വിക്കിലീക്‌സ് സ്ഥാപിക്കുന്നത്. സൈനിക നടപടിയുടെ മറവില്‍ ഇറാഖിലും അഫ്ഗാനിസ്ഥാനിലും അമേരിക്ക നടത്തിയ രഹസ്യപ്രവര്‍ത്തനങ്ങള്‍ പുറത്തു കൊണ്ടു വന്നതോടെ വിക്കീലീക്‌സ് ലോകശ്രദ്ധ നേടി. അമേരിക്ക നടത്തിയ നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമായ പല പ്രവര്‍ത്തനങ്ങളും ഇപ്രകാരം പുറത്തു വന്നതോടെ അസാന്‍ജിന് പിന്തുണയേറുകയും ചെയ്തു.
ഏതാണ്ട് മൂന്ന് ലക്ഷത്തിലധികം പേജുകള്‍ വരുന്ന രേഖകളായിരുന്നു വിക്കിലീക്ക്‌സിലൂടെ അസാന്‍ജ് പുറത്തു വിട്ടത്. ഇന്ത്യയടക്കം ലോകത്തെ പലരാജ്യങ്ങളിലും ഇതിന്റെ അലയൊലികളുണ്ടായിരുന്നു. സുഹൃത്ത് രാഷ്ട്രങ്ങളിലടക്കം അമേരിക്ക ചാരപ്പണി നടത്തിയിരുന്നുവെന്നാണ് വിക്കീലീക്‌സ് പുറത്തു വിട്ട രേഖകളിലുണ്ടായിരുന്നത്.