തൃശൂര്‍: ചാലക്കുടിയില്‍ വീട്ടുകാര്‍ ഉണര്‍ന്നിരിക്കെ വീടിന്റെ മുകളിലെ മുറിയില്‍ നിന്നു ഇരുപതു പവന്റെ സ്വര്‍ണം കവന്നു. അതേസമയം, മോഷണത്തിനിടെ രക്ഷപ്പെടുന്നതിനിടെ കള്ളന്റെ പക്കല്‍ നിന്ന് വീണു പോയ പതിമൂന്നര പവന്‍ തിരിച്ചുകിട്ടി. ചാലക്കുടി പോട്ടയിലെ വീട്ടില്‍ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം.
കുഞ്ഞിനെ ഉറക്കാന്‍ മുകളിലെ ടെറസില്‍ പോയ വീട്ടമ്മ വാതില്‍ അടയ്ക്കാന്‍ മറന്നു പോയതാണ് കള്ളന് കാര്യങ്ങള്‍ എളുപ്പമാക്കിയത്. ഏണിയില്‍ കയറി കള്ളന്‍ മുകളിലെ കിടപ്പുമുറിയില്‍ എത്തുകയായിരുന്നു. ഇരുപതു പവന്റെ ആഭരണം തട്ടിയെടുത്തു. തുടര്‍ന്ന് വീട്ടില്‍ നിന്നിറങ്ങി മതില്‍ ചാടി രക്ഷപ്പെടുന്നതിനിടെ കുറച്ച് സ്വര്‍ണം താഴെ വീഴുകയായിരുന്നു.
തൊട്ടടുത്ത വീടിന്റെ കാര്‍പോര്‍ച്ചിലിരുന്ന് സ്വര്‍ണം നോക്കുന്നതിനിടെ ആ വീട്ടിലെ യുവാവ് കള്ളനെ കണ്ടു. കള്ളന്റെ പക്കല്‍ നിന്ന് കുറച്ച് സ്വര്‍ണം അവിടെയും വീണു. അങ്ങനെയാണ്, ഇരുപതു പവനില്‍ പതിമൂന്നര പവനും തിരിച്ചുകിട്ടിയത്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. പോലീസ് നായ മണംപിടിച്ച് പോയത് ദേശീയപാതയിലേക്കായിരുന്നു. മോഷ്ടാവിനെ തിരിച്ചറിയാന്‍ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തില്‍ കൂടിയാണ് പൊലീസ്.