‘നിന്നെ പിന്നെ കണ്ടോളാം’; മോഷ്ടിക്കാന്‍ കയറി, ഗൃഹനാഥന്‍ കണ്ടപ്പോള്‍ ഭീഷണി മുഴക്കി രക്ഷപ്പെട്ടു; അന്വേഷണം

കോട്ടയം: പിടിക്കപ്പെട്ടതിനു പിന്നാലെ ഗൃഹനാഥനെ ഭീഷണിപ്പെടുത്തി കള്ളന്‍ രക്ഷപ്പെട്ടു. കോട്ടയം കുറുപ്പന്തറയിലാണ് സംഭവമുണ്ടായത്. പുലര്‍ച്ചെ നാലു മണിയോടെയാണ് കള്ളന്‍ വീട്ടില്‍ കയറിയത്. ഗൃഹനാഥന്‍ കണ്ടതോടെ ‘നിന്നെ പിന്നെ കണ്ടോളാം’ എന്നു പറഞ്ഞ് ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു.

മാഞ്ഞൂര്‍ പഞ്ചായത്ത് എന്‍എസ്എസ് കരയോഗ മന്ദിരത്തിനു സമീപം പുത്തന്‍വീട്ടില്‍ മോഹനന്റെ വീട്ടിലാണ് കള്ളന്‍ കയറിയത്. മോഹനന്‍ മാഞ്ഞൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപം ചായക്കട നടത്തുന്നുണ്ട്.കടയിലേക്കു പോകാനിറങ്ങുമ്പോഴാണ് തുറന്നിട്ട വാതിലിലൂടെ മോഷ്ടാവ് വീട്ടിലേക്കു കടന്നത്.

കള്ളനെ കണ്ട് മോഹനന്‍ ബഹളം വച്ചതോടെയായിരുന്നു ഭീഷണി മുഴക്കിയത്. ബഹളം കേട്ട് അയല്‍വാസികള്‍ തിരഞ്ഞെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. മോഷ്ടാവ് ബൈക്കില്‍ പായുന്നതു പത്ര വിതരണക്കാര്‍ പലരും കണ്ടെങ്കിലും പിടികൂടാനായില്ല. പ്രദേശത്ത് മോഷണം പതിവായെന്നു നാട്ടുകാര്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News