ഗിന്നസ് ബുക്കില്‍ ഇടം പിടിച്ച് ഒരു ഇടിമിന്നല്‍! നീളം 769 കിലോമീറ്റര്‍
ഇടിമിന്നലൊക്കെ സര്‍വ സാധാരണമാണ് എല്ലാ നാട്ടിലും. എന്നാല്‍ നീളം കൂടിയതിന് ഗിന്നസ് ബുക്കില്‍ ഇടം പിടിച്ച ഒരു ഇടിമിന്നലുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? എന്നാല്‍ അങ്ങനെയൊന്നുണ്ട്. 2020 ഏപ്രില്‍ 29ന് യുഎസിലുണ്ടായ ഇടിമിന്നലാണ് ലോകത്ത് ഏറ്റവും കൂടുതല്‍ നീളത്തില്‍ പ്രത്യക്ഷപ്പെട്ട മിന്നല്‍.
യുഎസിലെ മിസിസിപ്പി, ലൂസിയാന, ടെക്സസ് എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ ഒരേസമയം ദൃശ്യമായ ഈ മിന്നലിന്റെ നീളം 769 കിലോമീറ്റര്‍ ആയിരുന്നു. അതായത് കന്യാകുമാരി മുതല്‍ മംഗളൂരു വരെയുള്ളതിനേക്കാള്‍ ദൂരം. സാധാരണ പത്ത് മൈലിനപ്പുറം മിന്നലിന്റെ ദൂരം കടക്കില്ലെന്നിരിക്കെയാണ് അപൂര്‍മായി കാണപ്പെടുന്ന മിന്നല്‍ ഗിന്നസിലിടം പിടിച്ചത്. ഇതിന് മുമ്പ് ബ്രസീലില്‍ 2018ലുണ്ടായ മിന്നലാണ് ഏറ്റവും നീളത്തിലുണ്ടായ മിന്നലിന് റെക്കോര്‍ഡ് നേടിയത്.
709 കിലോമീറ്ററായിരുന്നു ഇതിന്റെ നീളം. ഈ റെക്കോര്‍ഡാണ് യുഎസിലെ മിന്നല്‍ തകര്‍ത്തിരിക്കുന്നത്.ഏറ്റവുമധികം നേരം നീണ്ടു നിന്ന മിന്നല്‍ 2020ല്‍ യുറഗ്വായിലും അര്‍ജന്റീനയിലുമായി ഉണ്ടായതാണ്. 17 സെക്കന്‍ഡിലേറെയാണ് ഇത് നീണ്ടു നിന്നത്. വേള്‍ഡ് മെറ്റിരിയളോജിക്കല്‍ ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ട് പ്രകാരം ഭീകരമായ ചുഴലിക്കാറ്റുകളും വെള്ളപ്പൊക്കവും സ്ഥിരമായ മേഖലകളിലാണ് ഇത്തരം ഇടിമിന്നലുകളുടെ സാന്നിധ്യം രേഖപ്പെടുത്തിയിട്ടുള്ളത്.
ഈ മേഖലകളിലുള്ളവരോട് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ മുന്നറിയിപ്പുകള്‍ അവഗണിക്കരുതെന്നും കൊടുങ്കാറ്റുകളോ മറ്റോ ഉണ്ടായാല്‍ കനത്ത ജാഗ്രത വേണമെന്നും ഡബ്ല്യൂ.എം.ഒ അറിയിച്ചിട്ടുണ്ട്. ഇടിമുഴക്കം കേള്‍ക്കുകയാണെങ്കില്‍ ഉടന്‍ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നാണ് സംഘടനയിലെ റോണ്‍ ഹോല്ലെ പ്രസ്താവനയില്‍ അറിയിച്ചിരിക്കുന്നത്.
റെക്കോര്‍ഡുകള്‍ ഇടിമിന്നലുകളുടെ ഭീകരതയ്ക്ക് ഒരു കുറവും വരുത്തുന്നില്ല എന്ന് മാത്രമല്ല നീളം കൂടിയതും ഏറെ നേരം നീണ്ടു നിന്നതുമായ മിന്നലുകള്‍ തന്നെയാണ് ചരിത്രത്തില്‍ ഏറ്റവും അപകടകരമായി രേഖപ്പെടുത്തിയിട്ടുള്ളതും. ചരിത്രത്തിലെ ഏറ്റവും വലിയ ഇടിമിന്നല്‍ ദുരന്തമുണ്ടായിരിക്കുന്നത് 1994ല്‍ ഈജിപ്തിലെ ഡ്രോങ്കയിലാണ്. 469 പേരാണ് അന്ന് ഇടിമിന്നലിനെത്തുടര്‍ന്ന് കൊല്ലപ്പെട്ടത്.