കോഴിക്കോട് ∙ ദേശീയ പാതയോരത്ത് വെണ്ണക്കാടുള്ള പെട്രോൾ പമ്പിലെ ജീവനക്കാരിയുടെ ബാഗിൽനിന്ന് ആഭരണവും പണവും മോഷ്ടിച്ച സംഭവത്തിൽ ട്വിസ്റ്റ്. ബാഗിൽനിന്ന് മോഷ്ടിച്ചത് മുക്കുപണ്ടമാണെന്ന് തെളിഞ്ഞു. അതേസമയം, ബാഗിലുണ്ടായിരുന്നത് മുക്കുപണ്ടമാണെന്ന കാര്യം യുവതിക്ക് അറിയില്ലായിരുന്നുവെന്നു പറയുന്നു.
ബാഗിൽ ഒരു സ്വർണമാലയും മുക്കുപണ്ടവും ഉണ്ടായിരുന്നു. ഇതിൽ സ്വർണമാല അമ്മ എടുത്തിരുന്നു. ഇക്കാര്യം യുവതി അറിഞ്ഞില്ല. ഇതോടെയാണ് മോഷ്ടിക്കപ്പെട്ടത് സ്വർണമാലയാണെന്ന് തെറ്റിദ്ധരിച്ചത്.
മോഷണവുമായി ബന്ധപ്പെട്ട് ഇന്നലെത്തന്നെ രണ്ട് വിദ്യാർഥികൾ പിടിയിലായിരുന്നു. പമ്പിലെ മുറിയിൽ സൂക്ഷിച്ച ബാഗിൽ നിന്ന് ഒന്നേകാൽ പവന്റെ മാലയും 3,000 രൂപയും കവർന്നുവെന്നായിരുന്നു പരാതി. ഇന്നലെ ഉച്ചയ്ക്കാണു സംഭവമുണ്ടായത്. വൈകിട്ടു ജോലി കഴിഞ്ഞ് വീട്ടിൽ പോകാൻ ബാഗ് എടുത്തപ്പോഴാണ് യുവതി മോഷണ വിവരം അറിയുന്നത്.
തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ കണ്ടെത്തിയത്. മറ്റൊരാൾക്കൊപ്പം ബൈക്കിൽ പെട്രോൾ പമ്പിൽ എത്തിയ പ്രതി, പമ്പിലെ ശുചിമുറിക്കു സമീപത്തു കൂടിയാണു മുറിയിൽ കടന്നത്.