തൃശൂര്‍: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വീണ്ടും വിലക്ക് ഏര്‍പ്പെടുത്തി വനം വകുപ്പ്. ആനയെ എഴുന്നള്ളിക്കുന്നതിനുള്ള നിബന്ധനകള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്.
അഞ്ച് മീറ്ററിനടുത്ത് ആരെയും അടുപ്പിക്കരുതെന്ന നിബന്ധന പാലിക്കാത്ത സാഹചര്യത്തിലാണ് നാട്ടാന സംരക്ഷണ സമിതിയുടെ അനുമതി വനംവകുപ്പ് റദ്ദാക്കിയത്. നേരത്തെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉപാധികളോടെ ക്ഷേത്രങ്ങളില്‍ എഴുന്നള്ളിപ്പിന് കൊണ്ടു പോകാന്‍ അനുമതി നല്‍കിയിരുന്നു. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ മാത്രമാണ് എഴുന്നള്ളിപ്പ് നടത്താന്‍ അനുമതിയുള്ളത്.
ആഴ്ചയില്‍ രണ്ട് തവണ മാത്രമേ എഴുന്നള്ളിപ്പിന് കൊണ്ടു പോകാന്‍ പാടുള്ളൂ. എഴുന്നള്ളിപ്പിന് കൊണ്ടു പോകുമ്പോള്‍ നാല് പാപ്പാന്‍മാര്‍ ആനയ്ക്കൊപ്പം വേണമെന്നും നാട്ടാന നിരീക്ഷണസമിതി നിര്‍ദേശിച്ചിരുന്നു. ആനയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന വിദഗ്ദ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം.