ജോര്‍ജ്ജുകുട്ടിയുടെ കാറിൻ്റെ രഹസ്യം,സസ്പെൻസ് പൊളിയുന്നു
കൊച്ചി:ജിത്തു ജോസഫിന്റെ ദൃശ്യം രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. സിനിമയിലെ ട്വിസ്റ്റുകൾ മുതൽ ഡയലോഗുകൾ വരെ എല്ലാവർക്കും മനപാഠമായി കഴിഞ്ഞു. സിനിമ കണ്ടതിനു ശേഷം നിരവധി പേരാണ് പോസിറ്റീവും നെഗറ്റീവും ആയി തങ്ങളുടെ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ രേഖപ്പെടുത്തിയത്.
തകര്‍ത്തോടുന്ന ദൃശ്യം 2വിലൂടെ താരമായിരിക്കുകയാണ് ഇപ്പോള്‍ ഒരു വാഹനം. കമ്പനി വലിയ പ്രമോഷനൊന്നും നല്‍കാറില്ലാത്ത ഈ മോഡല്‍ എന്നാല്‍ തികച്ചും അപ്രതീക്ഷിതമായിട്ടാണ് വാര്‍ത്തകളില്‍ നിറയുന്നത്. ഐക്കണിക്ക് അമേരിക്കൻ വാഹന നിർമാതാക്കളായ ഫോർഡിന്‍റെ ഇന്ത്യയിലെ ജനപ്രിയ കോംപാക്ട് എസ്‌യുവി ആയ എക്കോസ്‍പോര്‍ട്ടാണ് ജോര്‍ജ്ജുകുട്ടിക്കും കുടുംബത്തിനുമൊപ്പം താരമാകുന്നത്.
ജോര്‍ജ്ജുകുട്ടി എന്തുകൊണ്ടായിരിക്കും ഫോര്‍ഡ് എക്കോസ്‍പോര്‍ട്ട് തന്നെ തിരെഞ്ഞെടുത്തതെന്നാണ് വാഹനപ്രേമികള്‍ക്കിടിയിലെ ചര്‍ച്ച. കുടുംബത്തിന്‍റെ സുരക്ഷയ്ക്ക് വേണ്ടി ജോര്‍ജ്ജുകുട്ടി ഏതറ്റം വരെയും പോകുമെന്നതിനുള്ള തെളിവാണ് അദ്ദേഹം എക്കോസ്‍പോര്‍ട്ട് സ്വന്തമാക്കിയതിനു കാരണമെന്നാണ് ഫോര്‍ഡ് പ്രേമികള്‍ പറയുന്നത്. കുടുംബത്തിന്‍റെ സുരക്ഷയിൽ അതിരുകവിഞ്ഞ ശ്രദ്ധയുള്ള ജോർജുകുട്ടി എക്കോസ്പോർട്ടിന്‍റെ സുരക്ഷാ സൗകര്യങ്ങൾ ഇഷ്ടപ്പെട്ടതാണ് അതുതന്നെ വാങ്ങിയതിനു പിന്നിലെ രഹസ്യം എന്നാണ് പലരുടെയും കണ്ടെത്തൽ.
ഇന്ത്യന്‍ വിപണിയിലെ ആദ്യത്തെ സബ്-4 മീറ്റര്‍ എസ്‍യുവികളില്‍ ഒന്നായ ഫോര്‍ഡ് എക്കോസ്പോര്‍ട്ട് ഇന്ത്യയിലെത്തിയിട്ട് എട്ടു വര്‍ഷം തികയുന്നു. 2013-ൽ ഇന്ത്യയിലെത്തിയ എക്കോസ്പോർട്ട് 2015 ആയപ്പോഴേക്കും രണ്ട് ലക്ഷം യൂണിറ്റുകളാണ് നിരത്തുകളിലെത്തിയത്. ഇന്ത്യയിൽ നിർമിക്കുന്ന എക്കോസ്പോർട്ട് 40-ഓളം രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. ഫോർഡിന്റെ ജന്മനാടായ അമേരിക്കയിലേക്കും 2016 മുതൽ ഇന്ത്യയിൽ നിർമിച്ച എക്കോസ്പോർട്ടുകള്‍ കയറ്റുമതി ചെയ്യുന്നുണ്ട്.
2018-ൽ ആണ് ഈ വാഹനം ആദ്യമായി മുഖം മിനുക്കി എത്തുന്നത്. 2020 ജനുവരിയില്‍ ബിഎസ്6 പതിപ്പും എത്തി. 1.5 ലിറ്റര്‍, മൂന്ന് സിലിണ്ടര്‍ ടിഐ-വിസിടി പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 118 ബിഎച്ച്പി കരുത്തും 149 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ സ്റ്റാന്‍ഡേഡാണ്. 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷണലായി ലഭിക്കും. 1.5 ലിറ്റര്‍, 4 സിലിണ്ടര്‍, ടിഡിസിഐ ഡീസല്‍ മോട്ടോര്‍ 99 ബിഎച്ച്പി കരുത്തും 215 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ സ്റ്റാന്‍ഡേഡായി ഘടിപ്പിച്ചു.
2021 എക്കോസ്പോര്‍ട്ടിനെ അടുത്തിടെയാണ് ഫോര്‍ഡ് അവതരിപ്പിക്കുന്നത്. വാഹനത്തിന്റെ ഫീച്ചറുകളില്‍ ആറ് എയര്‍ബാഗുകള്‍, ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ്, ഫോര്‍ഡ് പാസ് ഉള്‍പ്പെടുത്തിയ നാവിഗേഷന്‍ എന്നിവയും ഉള്‍പ്പെടുന്നു. 100,000 കിലോമീറ്റര്‍ അല്ലെങ്കില്‍ മൂന്നുവര്‍ഷത്തെ വാറണ്ടിയും ഏറ്റവും കുറഞ്ഞ അറ്റകുറ്റപ്പണിച്ചെലവ് 36 പൈസ / കിലോമീറ്ററുമാണ് ഇപ്പോള്‍ എക്കോസ്‌പോര്‍ട്ടില്‍ ഫോര്‍ഡ് വാഗ്‍ദാനം ചെയ്യുന്നത്.
ആപ്പിള്‍ കാര്‍പ്ല, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ സഹിതം 9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ‘സിങ്ക് 3’ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, എംബെഡ്ഡഡ് നാവിഗേഷന്‍ സിസ്റ്റം, ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ സഹിതം എച്ച്‌ഐഡി ഹെഡ്‌ലാംപുകള്‍, ഇലക്ട്രോക്രോമിക് മിറര്‍, റെയ്ന്‍ സെന്‍സിംഗ് വൈപ്പര്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകള്‍ 2021 മോഡലിനും ലഭിച്ചു. ടോപ് വേരിയന്റുകളില്‍ ആറ് എയര്‍ബാഗുകളും മറ്റ് സുരക്ഷാ ഫീച്ചറുകളും തുടര്‍ന്നും നല്‍കി. എബിഎസ്, ഇബിഡി എന്നിവ എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേഡാണ്.
എൻ.സി.എ.പി യൂറോപ്യൻ ക്രാഷ് ടെസ്റ്റിൽ നാല് സ്റ്റാർ നേടിയിട്ടുണ്ട് എക്കോസ്‍പോര്‍ട്ട്. ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവ ഇക്കോസ്പോർട്സിന്റെ സ്റ്റാൻഡേർഡ് സുരക്ഷാ സവിശേഷതകളാണ്. അടിയന്തിര സാഹചര്യങ്ങളിൽ വാഹനം സ്വയം കാൾ സെന്‍ററിലേക്ക് വിളിക്കുന്ന എമർജെൻസി അസിസ്റ്റ് എക്കോസ്പോർട്ടിന്‍റെ മറ്റൊരു സവിശേഷതയാണ്. ഐസോഫിക്സ് ചൈൽഡ് സീറ്റ് ഹിൽ അസിസ്റ്റ് പോലുള്ള സംവിധാനങ്ങളും പിന്നിലെ കാമറയും സുരക്ഷക്കായി എക്കോസ്പോർട്ടിൽ ഫോർഡ് ഒരുക്കിയിട്ടുണ്ട്.
ടാറ്റ നെക്സോൺ, മാരുതി ബ്രെസ, മഹീന്ദ്ര എക്സ്‍യുവി 300, ഹ്യുണ്ടായി വെന്യു തുടങ്ങിയവരാണ് ഇന്ത്യൻ നിരത്തുകളിൽ ഫോര്‍ഡ് എക്കോസ്പോർട്ടിന്‍റെ മുഖ്യഎതിരാളികൾ.