കേള്‍വിശക്തി ഇല്ലാതാക്കണം ; യുവതിയുടെ വിചിത്ര ആവശ്യം കേട്ട് അമ്പരന്ന് ഡോക്ടര്‍മാര്‍
സ്‌കോട്ട്‌ലന്റ് : കേള്‍വിശക്തി ഇല്ലാതാക്കണമെന്ന വിചിത്ര ആവശ്യവുമായെത്തിയ യുവതിയെ കണ്ട് അമ്പരന്നിരിയ്ക്കുകയാണ് സ്‌കോട്ട്‌ലന്റിലെ ഒരു ആശുപത്രിയിലെ ഡോക്ടര്‍മാര്‍. മറ്റുള്ളവരുടെ ശബ്ദം പോലും തനിക്ക് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെന്നും, തന്റെ കേള്‍വി ശക്തി ഇല്ലാതാക്കണമെന്നുമാണ് യുവതി ആവശ്യപ്പെട്ടത്. സ്‌കോട്ട്‌ലന്റ് സ്വദേശിനിയായ കാരണ്‍ ആണ് ശ്വാസോച്ഛ്വാസത്തിന്റെ ശബ്ദത്തെ വെറുക്കുന്ന യുവതി.
മിസോഫോണിയ എന്ന അവസ്ഥയാണ് കാരണിന്റെ പ്രശ്നം. ഈ അവസ്ഥയിലുള്ള ഒരാള്‍ക്ക് എല്ലാ ശബ്ദങ്ങളോടും വിരോധമുണ്ടാവില്ല. ചില ശബ്ദങ്ങള്‍ മാത്രമാണ് ഇവരുടെ പ്രശ്നം. മറ്റുള്ളവരുടെ ശ്വാസോച്ഛ്വാസത്തിന്റെ ശബ്ദം താന്‍ വെറുക്കുന്നു എന്നാണ് യുവതി പറയുന്നത്. വായയുമായി ബന്ധപ്പെട്ട ശബ്ദങ്ങളാണ് മിസോഫോണിയ ഉള്ള 80 ശതമാനം പേരെയും ബാധിയ്ക്കുന്നത്. കാരണിന്റെ അവസ്ഥയില്‍ മറ്റുള്ളവരുടെ ശ്വാസമാണ് പ്രശ്നമാകുന്നത്.
തന്റെ അവസ്ഥയെ കുറിച്ച് പറഞ്ഞ് കേള്‍വി ശക്തി ഇല്ലാതാക്കണമെന്ന ആവശ്യവുമായാണ് കാരണ്‍ ഡോക്ടര്‍മാരെ സമീപിച്ചത്. എന്നാല്‍ യുവതിയുടെ ആവശ്യത്തോട് അനുകൂലമായിട്ടല്ല ഡോക്ടര്‍മാരുടെ പ്രതികരണം. ‘മറ്റുള്ളവര്‍ ശ്വാസമെടുക്കുന്നത് നിര്‍ത്താന്‍ എന്തായാലും തനിക്ക് അവകാശമില്ല, അതിനാല്‍ സ്വന്തം കേള്‍വിശക്തി ഇല്ലാതാക്കുന്നതാണ് നല്ലത്.’ – കാരണ്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഇതോടെ നിരവധി പേരാണ് സമാന അവസ്ഥയുണ്ടെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുന്നത്.