KeralaNews

തീയേറ്ററുകള്‍ അടയ്ക്കില്ല; തീരുമാനം വ്യക്തമാക്കി ഫിയോക്ക്

കൊച്ചി: പ്രദര്‍ശന സമയം വെട്ടിക്കുറച്ചെങ്കിലും തിയറ്ററുകള്‍ അടയ്ക്കേണ്ടതില്ലെന്ന് ഫിയോക്ക് തീരുമാനം. കൊവിഡ് വ്യാപനമുള്ള സ്ഥലങ്ങളില്‍ പ്രദര്‍ശനത്തെ കുറിച്ച് ഉടമകള്‍ക്ക് തീരുമാനമെടുക്കാം.

സര്‍ക്കാര്‍ തീരുമാനത്തോട് സഹകരിക്കുമെന്നും തിയറ്റര്‍ ഉടമകള്‍. ഓണ്‍ലൈന്‍ വഴിയാണ് ഫിയോക്ക് യോഗം ചേര്‍ന്നത്. തിരക്കുള്ള രണ്ട് ഷോകളാണ് രാത്രി കര്‍ഫ്യൂ വന്നതോടെ ഒഴിവാക്കപ്പെട്ടത്. വലിയ നഷ്ടത്തിലാണ് പോകുന്നതെന്നും തിയറ്ററുടമകള്‍.

അതേസമയം സംസ്ഥാനത്ത് രാത്രി ഒന്‍പത് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ രാത്രി കര്‍ഫ്യൂ പ്രാബല്യത്തില്‍ വന്നു. പൊതുഗതാഗതത്തിനും ചരക്കു നീക്കത്തിനും കര്‍ഫ്യൂ ബാധകമല്ല. കൂട്ട പരിശോധനയില്‍ ശേഖരിച്ച ശേഷിക്കുന്ന സാമ്പിളുകളുടെ ഫലം ഇന്ന് പുറത്ത് വരും. സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം രൂക്ഷമായി തുടരുന്നു.

രാത്രി ഒന്‍പത് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെ അടിയന്തര ആവശ്യങ്ങള്‍ക്ക് അല്ലാതെ പൊതുജനങ്ങള്‍ പുറത്തിറങ്ങരുത്. അനാവശ്യ യാത്രകളും രാത്രി കാലത്തെ കൂട്ടംചേരലുകളും അനുവദിക്കില്ല. പോലീസ്, ആരോഗ്യ പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, പാല്‍- പത്ര വിതരണം, രാത്രി ഷിഫ്റ്റില്‍ ജോലി നോക്കുന്നവര്‍,മെഡിക്കല്‍ സ്റ്റോര്‍, ആശുപത്രി, പെട്രോള്‍ പമ്പുകള്‍, എന്നീ വിഭാഗങ്ങള്‍ക്ക് ഇളവ് ഉണ്ടാകും. കര്‍ഫ്യൂ ലംഘിക്കുന്നവര്‍ കേസ് ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ നേരിടേണ്ടി വരും.

കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. പൊതുപരിപാടികള്‍ ആള്‍ക്കൂട്ടം പരിമിതപ്പെടുത്തി നടത്തണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം. ജില്ലയിലെ ഫുട്ബോള്‍ ടര്‍ഫുകളും ജിംനേഷ്യവും അടച്ചിടാനും ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മലപ്പുറം ജില്ലയില്‍ ആയിരത്തിനു മുകളിലാണ് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം. ജില്ലയിലെ ചില പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചു വ്യാപനം രൂക്ഷമാകുന്ന സ്ഥിതിയും നിലനില്‍ക്കുന്നുണ്ട്. പലയിടത്തും 15 ശതമാനത്തിന് മുകളിലാണ് പോസ്റ്റിവിറ്റി നിരക്ക്.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയിലേക്ക് നിയോഗിച്ച പ്രത്യേക ഓഫീസര്‍ എം ജി രാജമാണിക്യം ഐഎഎസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയിലെ സ്ഥിതി ഗതികള്‍ വിലയിരുത്തി , തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

വിവാഹ മരണാനന്തര ചടങ്ങുകള്‍ മറ്റു പൊതു പരിപാടികള്‍ എന്നിവയില്‍ തുറസ്സായ സ്ഥലങ്ങളില്‍ പരമാവധി 150 പേര്‍ക്കും അടച്ചിട്ട മുറികളില്‍ 75 പേര്‍ക്കും മാത്രമാണ് അനുമതി. ഇഫ്താര്‍ സംഗമങ്ങള്‍ പരമാവധി ഒഴിവാക്കണമെന്നും ആരാധനാലയങ്ങളില്‍ സാമൂഹിക അകലം കര്‍ശനമായി പാലിക്കണമെന്നും ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശമുണ്ട്. അതേസമയം ജില്ലയില്‍ പരിശോധനകള്‍ പരമാവധി നടത്തുന്നുണ്ടെന്നും വാക്‌സിനേഷന് നിലവില്‍ തടസ്സം നേരിട്ടിട്ടില്ലെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

വാളയാര്‍ അതിര്‍ത്തിയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. അന്തര്‍ സംസ്ഥാന യാത്രക്കാര്‍ കൊവിഡ് ആര്‍ടിപിസിആര്‍ പരിശോധനാ ഫലം ജാഗ്രതാ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. ആരോഗ്യ വകുപ്പിന്റെതാണ് നിര്‍ദേശം. പരിശോധനാ ഫലം അപ്ലോഡ് ചെയ്യാത്ത പക്ഷം പ്രവേശനം അനുവദിക്കില്ലെന്ന് പാലക്കാട് കളക്ടര്‍ മൃണ്‍മയി ജോഷി ശശാങ്ക് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button