കൊച്ചി: സമ്പൂര്‍ണ ശുചീകരണത്തിന് ശേഷം സംസ്ഥാനത്തെ തിയേറ്ററുകള്‍ അടുത്തയാഴ്ച തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ഉടമകള്‍. ടിക്കറ്റ് ചാര്‍ജ് വര്‍ദ്ധന ഇപ്പോള്‍ ആലോചനയിലില്ല. സര്‍ക്കാരില്‍ നിന്ന് മറ്റ് ആനുകൂല്യങ്ങളാണ് പ്രതീക്ഷിക്കുന്നതെന്നും ഉടമകള്‍ വ്യക്തമാക്കി.
ഇന്ന് മുതല്‍ തിയേറ്ററുകള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും അവ്യക്തത നീങ്ങിയിട്ട് മതി എന്നായിരുന്നു ഉടമകളുടെ സംയുക്ത സംഘടനയായ ഫിയോക്കിന്റെ തീരുമാനം. സംസ്ഥാനത്ത് സിനിമ തിയേറ്ററുകള്‍ തുറക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് ഇന്നലെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. തിയേറ്ററുകളില്‍ ഒന്നിടവിട്ട സീറ്റുകളിലേ പ്രവേശനം പാടുള്ളുവെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം.
തിയേറ്ററുകളുടെ പ്രവര്‍ത്തന സമയം രാവിലെ ഒന്‍പത് മുതല്‍ രാത്രി ഒന്‍പത് വരെ മാത്രമായിരിക്കും. മള്‍ട്ടിപ്ലെക്സുകളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ ഓരോ ഹാളിലും വ്യത്യസ്ത സമയങ്ങളില്‍ പ്രദര്‍ശനം നടത്തണം. സീറ്റുകളുടെ അന്‍പത് ശതമാനം പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ. കൊവിഡ് ലക്ഷണങ്ങളുളളവരെ ഒരിക്കലും സിനിമ ഹാളില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കരുത്. ആവശ്യമായ മുന്‍കരുതലുകള്‍ തിയേറ്റര്‍ അധികൃതര്‍ എടുക്കണമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു.